വിമർശനം ജനാധിപത്യത്തിന്റെ ആത്മാവ്, വിമര്‍ശകരെ എപ്പോഴും അടുത്തുനിർത്തണം- പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാന്റെ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാൽ യഥാർത്ഥ വിമർശനം കണ്ടെത്താൻ ഇക്കാലത്ത് പ്രയാസമാണ്. വിമർശനവും ആരോപണങ്ങളുംതമ്മിൽ വ്യത്യാസമുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
തനിക്കുനേരെ ഉയർന്ന വിമർശനങ്ങളേക്കുറിച്ചും അവയെ നേരിട്ടത് എങ്ങനെയെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നാണ് നരേന്ദ്ര മോദി മറുപടി പറഞ്ഞത്.
"വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ജനാധിപത്യം നിങ്ങളുടെ സിരകളിൽ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ വിമർശനങ്ങളെ ഉൾക്കൊള്ളുകയാണ് വേണ്ടത്. നമുക്ക് നല്ലരീതിയിലുള്ള വിമർശനങ്ങൾ വേണ്ടിയിരിക്കുന്നു. അത് മൂർച്ചയുള്ളതും വിവരങ്ങൾ നൽകുന്നതുമായിരിക്കണം. വിമർശകരെ എപ്പോഴും അടുത്തുനിർത്തണമെന്ന് വേദങ്ങൾ പറഞ്ഞിട്ടുണ്ട്. വിമർശകർ നിങ്ങളുടെ അടുത്ത കൂട്ടാളികളായിരിക്കണം. കാരണം യഥാർത്ഥ വിമർശനത്തിലൂടെ നിങ്ങൾക്ക് വേഗത്തിൽ മെച്ചപ്പെടാനും മികച്ച ഉൾക്കാഴ്ചകളോടെ ജനാധിപത്യപരമായി പ്രവർത്തിക്കാനും കഴിയും". മോദി പറഞ്ഞു.
ഇന്നത്തെ കാലത്തുള്ളത് യഥാർത്ഥ വിമർശനമല്ല എന്നതാണ് തന്റെ പരാതിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യഥാർത്ഥ വിമർശനത്തിന് സമഗ്രമായ പഠനവും ആഴത്തിലുള്ള ഗവേഷണവും സൂക്ഷ്മമായ വിശകലനവും ആവശ്യമാണ്. അസത്യങ്ങളിൽ നിന്ന് സത്യം കണ്ടെത്താനാണ് അത് ആവശ്യപ്പെടുന്നത്. ഇന്ന് ആളുകൾ ശരിയായ ഗവേഷണം ഒഴിവാക്കുകയും കുറുക്കുവഴികൾ തേടുകയും ചെയ്യുന്നു, യഥാർത്ഥ ദൗർബല്യങ്ങൾ തിരിച്ചറിയുന്നതിനുപകരം അവർ നേരെ ആരോപണങ്ങളിലേക്ക് ചാടുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ശക്തമായ ജനാധിപത്യത്തിന്, യഥാർത്ഥ വിമർശനം അനിവാര്യമാണ്. .ആരോപണങ്ങൾ ആർക്കും ഗുണം ചെയ്യില്ല. അത് അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താൻ എപ്പോഴും വിമർശനങ്ങളെ തുറന്ന് സ്വാഗതം ചെയ്യുന്നത്. തെറ്റായ ആരോപണങ്ങൾ വരുമ്പോഴെല്ലാം ശാന്തമായി സ്വന്തം രാജ്യത്തെ സേവിക്കുന്നത് പൂർണ്ണ സമർപ്പണത്തോടെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Content Highlights: PM Modi emphasizes the importance of constructive criticism in a democracy