ജെൻ സീ, ജെൻ ആൽഫ തലമുറ ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കും- പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നു | Photo : PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നു | Photo : PTI

ന്യൂഡൽഹി: പുതിയ നയങ്ങൾ രൂപവത്കരിക്കുന്നത് യുവശക്തിക്ക് ഊന്നൽ നൽകിക്കൊണ്ടാണെന്നും രാജ്യ നിർമ്മാണത്തിൽ യുവജനങ്ങൾക്കാണ്‌ കേന്ദ്രസർക്കാർ ഊന്നൽനൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവജനത ജനറേഷൻ സീ, ജനറേഷൻ ആൽഫ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും വികസിത രാഷ്ട്രമായി ഇന്ത്യയെ നയിക്കുന്നത് അവരുടെ തലമുറയായിരിക്കുമെന്നും ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസ് പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജനങ്ങളുടെ കഴിവിലും ആത്മവിശ്വാസത്തിലും താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് വലിയ പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കുട്ടി ബുദ്ധിപൂർവ്വം സംസാരിച്ചാൽ അത് അംഗീകരിക്കണം എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച്, പ്രായമല്ല പ്രവൃത്തികളാണ് മഹത്വം നിർണ്ണയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. യുവാക്കൾക്ക് പ്രചോദനം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും പലരും അത് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, സ്വപ്നങ്ങൾ ആകാശത്തോളം ഉയർത്താൻ ഒരുപാട് ദൂരം പോകാനുണ്ടെന്നും യുവതലമുറയെ അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ തലമുറ ഭാഗ്യവാന്മാരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, മുൻകാലങ്ങളിൽ നിരാശ നിറഞ്ഞ സാഹചര്യത്തിൽ സ്വപ്നം കാണാൻ പോലും ഭയന്നിരുന്നതുപോലെയല്ല ഇന്നത്തെ സ്ഥിതിയെന്നും രാജ്യത്തിന്റെ പിന്തുണ യുവജനങ്ങളുടെ പ്രതിഭയ്ക്ക് ഒപ്പമുണ്ടെന്നും പറഞ്ഞു. ഇന്ന് രാജ്യം പ്രതിഭകളെ തേടുന്നു, വേദികൾ നൽകുന്നു, 140 കോടി പൗരന്മാരുടെ ശക്തിയെ അവരുടെ അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുന്നു, മോദി കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തോടെ യുവാക്കൾക്ക് ഇന്റർനെറ്റിന്റെയും പഠന വിഭവങ്ങളുടെയും ശക്തി ലഭിച്ചുവെന്നും ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ താല്പര്യമുള്ളവർക്കായി സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള ദൗത്യങ്ങളും കായികരംഗത്ത് മുന്നേറുന്നവർക്കായി ഖേലോ ഇന്ത്യ പോലുള്ള ദൗത്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാലയളവിലെ പ്രചാരണത്തിന്റെ ആകർഷണങ്ങളിൽ കുടുങ്ങിപ്പോകരുതെന്നും ചിന്തയുടെയും തത്വങ്ങളുടെയും വ്യക്തത പ്രധാനമാണെന്നും പ്രധാനമന്ത്രി അവരെ ഓർമ്മിപ്പിച്ചു. മഹത്തായ വ്യക്തികളിൽ നിന്ന് പഠിക്കണമെന്നും അവരുടെ വിജയം തങ്ങളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ വിജയമായി മാറുന്നു എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേരാ യുവ ഭാരത് പോലുള്ള വേദികളിലൂടെ യുവാക്കളെ ബന്ധിപ്പിക്കാനും അവസരങ്ങൾ നൽകാനും നേതൃത്വപാടവം വികസിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ സാമ്പത്തികരംഗം വികസിപ്പിക്കാനോ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനോ, ഫിൻടെക്, നിർമ്മാണ മേഖലകൾ വിപുലീകരിക്കാനോ, അല്ലെങ്കിൽ നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ്പുകൾക്കും അവസരങ്ങൾ സൃഷ്ടിക്കാനോ, എല്ലാ സംരംഭങ്ങളിലും യുവാക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു.

2022 ജനുവരി 9-ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പർബിനോടനുബന്ധിച്ച്, ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗുരു ഗോവിന്ദ് സിങ്ങിന്റെ പുത്രന്മാരായ ബാബാ ജോരാവർ സിങ് ജി, ബാബാ ഫത്തേ സിങ് ജി എന്നിവരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്നതിനാണ് ഈ ദിനം.

Content Highlights: Prime Minister Narendra Modi highlights the crucial role of youth, Gen Z & Alpha, in shaping India`s future as a developed nation. Learn about initiatives empowering young Indians.