'കഴിക്കുക, കുടിക്കുക, ആഘോഷിക്കുക' എന്നതല്ല ഇന്ത്യയുടെ സംസ്കാരം, സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കണം -മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: സമ്പാദ്യശീലത്തിനും സാമ്പത്തിക അച്ചടക്കത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കഴിക്കുക, കുടിക്കുക, ആഘോഷിക്കുക' എന്നതല്ല ഇന്ത്യയുടെ സംസ്കാരമെന്നും സമ്പാദ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ഭാരതീയ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റപ്പെട്ട ജനങ്ങൾ വീണ്ടും ദാരിദ്ര്യത്തിലേക്ക് മടങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011 മുതൽ 2023 വരെയുള്ള കാലയളവിൽ രാജ്യത്ത് ഏകദേശം 50 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടം ദേശീയതലത്തിൽ ആഘോഷിക്കേണ്ടതാണ്. എന്നാൽ, ആളുകളെ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകൊണ്ടുവരുന്നതുകൊണ്ട് മാത്രം ലക്ഷ്യം പൂർത്തിയാകില്ല. അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴാതിരിക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും മോദി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആദ്യമായി പ്രധാനമന്ത്രിയായ ശേഷം 2014-ൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടത്തിയ ആദ്യ പ്രസംഗവും പ്രധാനമന്ത്രി യോഗത്തിൽ ഓർത്തെടുത്തു. അന്ന് തന്റെ സർക്കാരിനെ 'ദരിദ്രർക്കായി സമർപ്പിക്കപ്പെട്ട സർക്കാർ' എന്നാണ് വിശേഷിപ്പിച്ചത്. അതിനുശേഷം സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ലഹരിവ്യാപനവും ആഭ്യന്തര സുരക്ഷയും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി. ലഹരിയുടെ പിടിയിൽനിന്ന് രാജ്യത്തെ യുവാക്കളെ സംരക്ഷിക്കണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ലഹരിയുടെ പ്രശ്നം വേരോടെ ഇല്ലാതാക്കാൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണം. നക്സലിസത്തെ നേരിടാൻ രാജ്യത്തിന് കഴിഞ്ഞതുപോലെ ലഹരിപ്രശ്നവും പരിഹരിക്കാൻ കഴിയും. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വികാരാധീനനായാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ശബ്ദമിടറിയെന്നും യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നക്സലിസം വീണ്ടും തലപൊക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകി. ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ സംതൃപ്തരായി പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുത്. നക്സലിസത്തിനെതിരായ നടപടികൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത് ചൊവ്വാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ തിരിച്ചെത്തിയത്. അതിനുശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്. സർക്കാർ പദ്ധതികളുടെ പുരോഗതിയും വരുംദിവസങ്ങളിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങളും യോഗം വിലയിരുത്തി.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന യോഗം മൂന്നര മണിക്കൂറോളം നീണ്ടു. രാജ്യത്തിന്റെ പുരോഗതിയും വിവിധ സർക്കാർ പദ്ധതികളുടെ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തി. സെപ്റ്റംബറിൽ നടന്ന ചിന്തൻ ബൈഠക്കിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി പരിശോധിച്ചു.
Content Highlights: Addressing union ministers at Bharat Mandapam in New Delhi, PM Narendra Modi emphasized savings and financial discipline over a feast culture to prevent poverty relapse, while calling for tough action against drugs and Naxalism.