‘ജീവന് വേണ്ടിയാണ് പോരാടിയത്, പ്രതിസന്ധി ഘട്ടത്തിൽ ഹനുമാൻ ചാലിസ ചൊല്ലി’; പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യൻ പൈലറ്റ്

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ദുബായ്- ടെൽ അവീവ് ഫ്‌ളൈദുബായ് വിമാനത്തിൽ ആക്രമണത്തിനിരയായ പൈലറ്റ് സ്മിത് മച്ഛാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെ ധീരതയേയും മനഃസാന്നിധ്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സ്മിത് മച്ചാർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

വികാരഭരിതനായിക്കൊണ്ടാണ് സ്മിത് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പ്രധാനമന്ത്രി മോദിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഇത്തരമൊരു ഫോൺ വിളി താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ജീവനുവേണ്ടിയാണ് പോരാടിയത്. അപ്പോൾ ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാർക്ക് അവരുടെ ജീവൻ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ധൈര്യത്തോടെ പോരാടാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൈലറ്റിന്റെ ഭാര്യയോടും മാതാപിതാക്കളോടും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. സ്മിതിന്റെ അമ്മ, ഗീത ബെൻ ഭഗവത് ഗീതയിലെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്മിതിനെ വളർത്തിയതെന്ന വിവരം താനുമായി പങ്കുവെച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോഴെല്ലാം ഹനുമാൻ ചാലിസ ജപിക്കാറുണ്ടെന്നും, വിമാനത്തിലുണ്ടായ ആ ഭയാനകമായ നിമിഷത്തിലും താൻ ഹനുമാൻ ചാലിസ ജപിക്കുകയായിരുന്നുവെന്നും സ്മിത് പ്രധാനമന്ത്രിയോട് പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു.

സമാനതകളില്ലാത്ത ധീരത കാണിച്ച സ്മിത് മച്ഛാറിനുവേണ്ടി രാജ്യം മുഴുവനും പ്രാർഥിക്കുന്നുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഇന്ത്യക്കാർ മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, മറിച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെക്കാൻ മടിക്കാത്തവരാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാൻ ഈ സംഭവം സഹായിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മിഡിൽ ഈസ്റ്റ് സർവീസ് നടത്തുന്ന ഫ്‌ളൈദുബായ് ബോയിങ് 737 വിമാനം 34,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് സഹ പൈലറ്റ് ക്യാപ്റ്റൻ സ്മിതിന് നേരെ ആക്രമണം നടത്തിയത്. ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് കോക്ക്പിറ്റിന്റെ വാതിൽ അൺലോക്ക് ചെയ്തു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവും യാത്രക്കാരും കോക്ക്പിറ്റിൽ പ്രവേശിച്ച് അക്രമിയായ കോ-പൈലറ്റിനെ കീഴടക്കുകയായിരുന്നു. 9/11 മോഡൽ ദുരന്തമാണ് പൈലറ്റിന്റെ അടിയന്തര ഇടപെടലിലൂടെ ഒഴിവായതെന്ന് പൈലറ്റിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ നേരത്തെ കുറിച്ചിരുന്നു.

Content Highlights: PM Narendra Modi spoke via video call with injured flydubai pilot Captain Smith Machhar., Machhar saved 170 passengers from a 9/11-style disaster at 34,000 feet., The pilot showed immense courage despite being brutally attacked by the co-pilot., PM Modi lauded the pilot's bravery and assured full support from India.