ഇന്ത്യൻ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക്; മാധ്യമപ്രവർത്തകരുടെ ധൈര്യത്തെ ആദരിക്കുന്നെന്ന് മോദി

ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് സമയത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മോദി പറഞ്ഞു. ടെലിവിഷൻ വാർത്തായായാലും പത്രമായാലും നിശ്ചിതസമയത്തിന് ജോലി പൂർത്തീകരിക്കേണ്ടതുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കുമെല്ലാം സമയം ബാധകമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്നത് രാജ്യത്തിന്റെ സ്വപ്നമാണ്. എന്നാൽ, ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്. 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുമ്പ് എല്ലാവരും ഒരുമിച്ചുനിന്ന് ഇന്ത്യയെ വികസിത രാഷ്ട്രമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് മാധ്യമപ്രവർത്തകരുടെ സംഭാവന വിലപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഫീൽഡ് റിപ്പോർട്ടർമാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി, വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ മുന്നിട്ടിറങ്ങുന്നു. അവരുടെ ധൈര്യത്തെയും ആത്മാർഥതയെയും എക്കാലവും ആദരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുമായുള്ള തന്റെ ദീർഘകാല ബന്ധവും മോദി അനുസ്മരിച്ചു. സംഘടനാ പ്രവർത്തനകാലത്ത് മാധ്യമപ്രവർത്തകരുമായി അടുത്ത് ഇടപഴകിയ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഫാക്സ് മെഷീനുകളിൽ നിന്ന് ഇൻസ്റ്റഗ്രാം റീലുകൾ വരെയെത്തിയ മാധ്യമരംഗത്തെ മാറ്റങ്ങൾക്ക് താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് ക്യാമറകൾ കുറവായിരുന്നു എന്നും ഊഷ്മളമായ ബന്ധങ്ങൾ നിലനിന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi addressed journalists at the BJP headquarters during the Diwali Milan event., Emphasized the importance of deadlines for individuals, institutions, and the nation., Called for collective efforts to make India a developed nation before the centenary of independence., Praised the courage and dedication of field reporters risking their lives for news., Recalled the evolution of media technology from fax machines to Instagram reels.