‘അപാരമായ ധൈര്യവും നിശ്ചയദാർഢ്യവും, ഇന്ത്യ നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു’; ഫ്ളൈ ദുബായ് ക്യാപ്റ്റനെ അഭിനന്ദിച്ച് മോദി

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഫ്‌ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തത്തെ തടയുകയും ചെയ്തു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ദുബായിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് ബുധനാഴ്ച നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് ഭയന്നുവിറച്ച യാത്രക്കാർ പറയുന്നത്. ക്യാപ്റ്റൻ മച്ചാറിന് ഇതിനിടെ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാട്ടിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റുരണ്ടു പൈലറ്റുമാർ വിമാനനിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി തിരിച്ചിറക്കിയതോടെയാണ് ദുരന്തം വഴിമാറിയത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ദുബായിൽനിന്ന് പുറപ്പെട്ട ഫ്‌ലൈ ദുബായിയുടെ വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേ ബുധനാഴ്ചയാണ് ഈ അടിയന്തര സാഹചര്യമുണ്ടായത്. കുത്തേറ്റ ക്യാപ്റ്റൻ മച്ചാറിന്റെ നില ഗുരുതരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് പരിക്കേറ്റ ക്യാപ്റ്റന് അടിയന്തര ചികിത്സ നൽകിയത്. മുംബൈ സ്വദേശിയാണ് ക്യാപ്റ്റൻ മച്ചാർ. ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയവും 9,750-ലധികം ഫ്ലൈയിംഗ് മണിക്കൂറുകളുമുള്ള മുതിർന്ന പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. മുൻപ് 10 വർഷത്തോളം ഇന്ത്യയിലെ സ്പൈസ്ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. 2022 ജൂണിലാണ് യു.എ.ഇ അധിഷ്ഠിത വിമാനക്കമ്പനിയായ ഫ്ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്.

Content Highlights: PM Modi lauded Indian-origin pilot Captain Smith Machar for preventing a major Flydubai plane crash., The co-pilot attacked and stabbed Captain Machar during a flight from Dubai to Tel Aviv., Passengers and crew subdued the attacker, and other pilots safely landed the Boeing 737 in Tabuk, Saudi Arabia.