വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിങ്; ഹൈവേയിൽ പറന്നിറങ്ങി മോദി, സ്വീകരണമായി എയർ ഷോ

#ന്യൂസ് ഡെസ്ക്
Photo: 'X' ANI
Photo: 'X' ANI

ഗുവാഹാട്ടി: അസമിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിങ് സൗകര്യത്തിൽ സി-130 ജെ വിമാനത്തിൽ അദ്ദേഹം പറന്നിറങ്ങി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ചബുവ എയർഫീൽഡിൽ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാൻഡ് ചെയ്തത്.

100 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും. യുദ്ധവിമാനങ്ങൾക്കും ട്രാൻസ്‌പോർട്ട് വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ റൺവേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവർത്തിക്കും. 40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

ലാൻഡിങിന് ശേഷം തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. തുടർന്ന് ഗുവാഹാട്ടിയെയും നോർത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നിർണ്ണായകമായ പാലം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ ഈ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും.

ബംഗോറയിൽ ഐ.ഐ.എം ഗുവാഹാട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസ്സുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

Content Highlights: PM Narendra Modi lands at Assam`s first Emergency Landing Facility (ELF) in Moran.