പുതിയ പാമ്പൻപാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; താംബരം-രാമേശ്വരം എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

പാമ്പൻപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു | Photo: 'X' @narendramodi
പാമ്പൻപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു | Photo: 'X' @narendramodi

ന്യൂഡൽഹി: പുതിയ പാമ്പൻപാലം നാടിന് സമർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു.  

തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി. പിന്നാലെ തീരസംരക്ഷണസേനയുടെ കപ്പൽ പാലത്തിനടിയിലൂടെ കടന്നുപോയി. രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പിഎംഓ ഓഫീസ് എക്സിൽ കുറിച്ചു.

പഴയ പാമ്പൻപാലത്തിന്റെ നിർമാണം 1911-ൽ ആരംഭിച്ച് 1914-ലാണ് പൂർത്തിയായത്. എന്നാൽ, 1964-ൽ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്നു. ധനുഷ്‌കോടിയുടെ ഭാഗങ്ങൾ കടൽവെള്ളത്തിൽ മുങ്ങി. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തിൽ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്.

ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റർ ദൈർഘ്യമുണ്ട്. 

കപ്പലുകൾക്ക് വഴിയൊരുക്കാൻ 'വെർട്ടിക്കൽ ലിഫ്റ്റിങ്' സംവിധാനത്തോടെ നിർമിച്ച രാജ്യത്തെ ആദ്യത്തെ പാലമാണ് പുതിയ പാമ്പൻപാലം. 18.3 മീറ്റർ അകലത്തിൽ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പാലത്തിന്റെ ഈ ഭാഗം ഉയർത്തുന്നതിലൂടെ ചെറിയ കപ്പലുകൾക്ക് കടന്നുപോകാൻ  സാധിക്കും. 

Content Highlights: PM Modi inaugurated the new Pamban Bridge in Rameshwaram