‘രാജ്യം പ്രതിസന്ധിയിലാകുമ്പോൾ ചിലർ സന്തോഷിക്കുന്നു, വ്യാജപ്രചാരണം നടത്തുന്നു’; രൂക്ഷവിമർശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വളത്തിന്റെ വില കുത്തനെ ഉയർന്നപ്പോഴും അതിന്റെ ഭാരം ഇന്ത്യൻ കർഷകരിൽ എത്താതിരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്കാന്തയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിനെതിരേ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ രാജ്യത്ത് വളത്തിന്റെയും പാചകവാതകത്തിന്റെയും ക്ഷാമമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിച്ചു. രാജ്യം പ്രതിസന്ധിയിലാകുമ്പോൾ സന്തോഷിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും മോദി വിമർശിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ഒരു ചാക്ക് യൂറിയയ്ക്ക് 3000 രൂപ വിലയുള്ളപ്പോൾ ഇന്ത്യൻ കർഷകർക്ക് അത് 300-ൽ താഴെ നിരക്കിലാണ് നൽകുന്നത്. അന്താരാഷ്ട്ര തലത്തിൽ 5000 രൂപ വിലയുള്ള ഡി-അമോണിയം ഫോസ്ഫേറ്റ് കർഷകർക്ക് 1350 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. ബാക്കി തുക സർക്കാർ സബ്സിഡിയായി വഹിക്കുകയാണ്. ഇത്തരത്തിൽ സർക്കാരിന്റെ വിവിധ നയങ്ങൾ വഴി കർഷകർക്ക് 50 ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2001 ഒക്ടോബറിൽ താൻ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ഓർമിച്ച പ്രധാനമന്ത്രി, പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയതായും തന്റെ അവസാന ശ്വാസംവരെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
Content Highlights: PM Narendra Modi stated the central government shielded Indian farmers from global fertilizer price hikes caused by West Asian conflicts., Criticized the opposition for spreading false rumors regarding fertilizer and LPG shortages., Urea is provided to farmers at under Rs 300 against the international price of Rs 3000, and DAP at Rs 1350 against Rs 5000., Government policies have provided over Rs 50 lakh crore in financial benefits or savings to farmers., Marked 25 years in public life since taking charge as Gujarat Chief Minister in October 2001.