പ്രധാനമന്ത്രി മോദിയുമായി 40 മിനിറ്റ് ഫോൺ സംഭാഷണം നടത്തി ഡൊണാൾഡ് ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം) | ഫോട്ടോ: എ.എഫ്.പി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം) | ഫോട്ടോ: എ.എഫ്.പി.

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്.

'എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ചചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു', മോദി എക്സിൽ കുറിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ടെന്നും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മോദിയോട് വിശദീകരിച്ചതായും ഗോർ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്തശേഷം ട്രംപും മോദിയും തമ്മിൽ നടക്കുന്ന ആദ്യത്തെയും ഈ വർഷം നടത്തിയ മൂന്നാമത്തെയും സംഭാഷണമാണിത്.

Content Highlights: PM Modi and Donald Trump held a 40-minute diplomatic call in 2026., Focus on West Asia stability and the security of the Strait of Hormuz., Reiteration of commitment to strengthen India-US strategic global partnership., Discussion on bilateral trade progress and regional geopolitical developments.