'സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം, താങ്കൾ വിശ്രമിക്കൂ': ശരദ് പവാറിനെ ഫോണിൽവിളിച്ച് മോദി

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരദ് പവാറും | ഫോട്ടോ - പി.ടി.ഐ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരദ് പവാറും | ഫോട്ടോ - പി.ടി.ഐ.

പുണെ: ആശുപത്രി വിട്ട എൻ.സി.പി. (എസ്.പി.) അധ്യക്ഷൻ ശരദ് പവാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചു. മകൾ സുപ്രിയ സുലെയ്ക്ക് ഇനി രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്നും സുപ്രിയയും തങ്ങളും ചേർന്ന് രാജ്യത്തെ നോക്കിക്കൊള്ളാമെന്നും മോദി പറഞ്ഞതായി ശരദ് പവാറിന്റെ അടുത്ത അനുയായി വിത്തൽ മണിയാർ വെളിപ്പെടുത്തി.

ബുധനാഴ്ച രാവിലെയാണ് മോദി ശരദ് പവാറിനെ ഫോണിൽ വിളിച്ചത്. ഏറെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് മോദി സംസാരിച്ചതെന്ന് മണിയാർ മാധ്യമങ്ങളോട് പറഞ്ഞു. 'സാഹേബ്, ദയവായി പൂർണ വിശ്രമമെടുക്കണം. സുപ്രിയ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു. സുപ്രിയയും ഞങ്ങളും ചേർന്ന് രാജ്യത്തെ നോക്കിക്കൊള്ളാം. താങ്കൾ വിശ്രമിക്കൂ. ഇതാണ് എന്റെ അഭ്യർഥന' എന്നായിരുന്നു മോദിയുടെ വാക്കുകൾ.

ഇതിന് മറുപടിയായി താൻ വിശ്രമത്തിലാണെന്നും രാജ്യത്തെക്കുറിച്ച് ഇപ്പോൾ ആശങ്കയില്ലെന്നും ശരദ് പവാർ പറഞ്ഞതായും മണിയാർ വെളിപ്പെടുത്തി. ‘നിങ്ങളെല്ലാവരും കൂടെയുണ്ടല്ലോ, പിന്നെ രാജ്യത്തെക്കുറിച്ച് എനിക്ക് ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ ജോലി തുടരൂ’ എന്നായിരുന്നു പവാറിന്റെ മറുപടി. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദിയറിയിക്കുകയും ചെയ്തു. മോദിയോ ശരദ് പവാറോ ഫോൺ സംഭാഷണത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, 85-കാരനായ ശരദ് പവാറിനെ തുടർപരിശോധനകൾക്കായി പിന്നീട് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയും ശ്വാസമെടുക്കുമ്പോൾ നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നവംബർ രണ്ടിനാണ് അദ്ദേഹത്തെ പുണെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.

മോദിയും ശരദ് പവാറും തമ്മിലുള്ള ഫോൺ സംഭാഷണം കേവലം സൗഹൃദപരമായ ആരോഗ്യാന്വേഷണം എന്നതിനപ്പുറത്തേക്കുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളും വീണ്ടും ഒന്നിക്കുമോയെന്നതാണ് പ്രധാന ചർച്ച. ഇതിലൂടെ ശരദ് പവാറിന്റെ വിഭാഗം ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യുമായി അടുക്കാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. സുപ്രിയ സുലെ കേന്ദ്രമന്ത്രിസഭയിലെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകളും മാസങ്ങളായി സജീവമാണ്.

2023-ൽ ശരദ് പവാറിന്റെ സഹോദരപുത്രൻ അജിത് പവാർ എൻ.സി.പി.യിൽ കലാപമുയർത്തി ബി.ജെ.പി. നേതൃത്വംനൽകുന്ന മഹാരാഷ്ട്ര സർക്കാരിനൊപ്പം ചേർന്നതോടെയാണ് പാർട്ടിയിൽ പിളർപ്പുണ്ടായത്. തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും അജിത് പവാർ വിഭാഗത്തിന് ലഭിച്ചു. ഇതോടെ ശരദ് പവാറിന്റെ വിഭാഗത്തിന് എൻ.സി.പി. (ശരദ്ചന്ദ്ര പവാർ) എന്ന പേര് സ്വീകരിക്കേണ്ടിവന്നു. 2026 ജനുവരിയിൽ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചതോടെ ഇരുവിഭാഗങ്ങളുടെയും ലയനചർച്ചകൾക്ക് വീണ്ടും തിരിച്ചടിയേറ്റു. അജിത്തിന്റെ ഭാര്യ സുനേത്ര പവാർ പിന്നീട് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

എന്നാൽ അടുത്തിടെ എൻ.സി.പി.ക്കുള്ളിൽ വീണ്ടും രാഷ്ട്രീയ നീക്കങ്ങൾ സജീവമായിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിലെ പ്രധാന മുഖങ്ങളിലൊന്നാണ് സുപ്രിയ സുലെ. നവംബർ ഒന്നിന് ഡൽഹിയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയിലും അവർ പങ്കെടുത്തിരുന്നു.

Content Highlights: Prime Minister Narendra Modi telephoned NCP (SP) president Sharad Pawar to enquire about his health., Modi reportedly mentioned that Supriya Sule is ready to take care of the country along with him.