‘ഈ വിജയത്തിന് നന്ദി’; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുജനങ്ങളെ നമസ്‌കരിച്ച് മോദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ബംഗാളിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അവരെ നമസ്‌കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ അസാധാരണ നന്ദി പ്രകടനം.
ചുവന്ന പരവതാനി വിരിച്ച വേദിയിൽ നിന്ന് ആവേശഭരിതരായ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ നന്ദി പ്രകടനം ആരംഭിച്ചത്. ബിജെപിയിൽ നിന്നുള്ള ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയും, സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ മറ്റ് അഞ്ച് അംഗങ്ങളും പ്രധാനമന്ത്രിയുടെ വലതുവശത്തുണ്ടായിരുന്നു.
തൊട്ടുപിന്നാലെ, പ്രധാനമന്ത്രി മോദി പതുക്കെ മുട്ടുകുത്തി ജനക്കൂട്ടത്തിന് മുന്നിൽ കുനിഞ്ഞ് വണങ്ങി. പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ഈ ചടങ്ങ് ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി, തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബംഗാളിൽ പ്രചാരണം നടത്തിയിരുന്നു. നിരവധി റോഡ് ഷോകളിലൂടെയും റാലികളിലൂടെയും ബിജെപി വിജയം ഉറപ്പാക്കാൻ അമിത് ഷായും കഠിനമായി പരിശ്രമിച്ചു.
ഇന്ന് അധികാരിയുടെ ദിവസം മാത്രമല്ല, ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിവസം കൂടിയാണ് എന്ന് നേതാക്കൾ പറഞ്ഞു.
ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, സുവേന്ദു അധികാരിക്കും മറ്റുള്ളവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരിയുടെ ആദ്യ ടീമിൽ വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദിലീപ് ഘോഷ് (OBC), അഗ്നിമിത്ര പോൾ (കായസ്ഥ), അശോക് കിർത്താനിയ (മതുവ), ഖുദിറാം ടുഡു (ഗോത്രവർഗ്ഗം), നിഷിത് പ്രമാണിക് (രാജ്ബൻഷി) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാക്കളാണ് ഇവർ.
Content Highlights: Suvendu Adhikari sworn in as West Bengal's first BJP Chief Minister. PM Modi expresses gratitude to West Bengal voters with a public bow. BJP secured a decisive victory with 207 seats in the 2026 assembly election. Diverse cabinet representation including OBC, Matua, and tribal leaders. End of Trinamool Congress's 15-year rule in West Bengal.