തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുത്- പ്രതിപക്ഷത്തോട് മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണ്. ഒമ്പത് വര്‍ഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച് ക്രിയാത്മകമായി മുന്നോട്ടുപോകണം. നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയങ്ങളില്‍നിന്ന് പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും മോദി പറഞ്ഞു. നിങ്ങള്‍ ക്രിയാത്മകമായി മുന്നോട്ടുപോയാല്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടും. രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള ക്രിയാത്മക നടപടികളെ പിന്തുണയ്ക്കണം. വിദ്വേഷം പലരീതിയിലും പടര്‍ന്നുപിടിക്കുന്നുന്ന സാഹചര്യത്തില്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് നിഷേധാത്മകമായ പ്രതിഛായയാണ് ഉണ്ടാക്കുക- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് ജാതിയേ രാജ്യത്ത് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ശരിയായ നയങ്ങള്‍ രൂപീകരിക്കുന്നവരെ അവര്‍ പിന്തുണയ്ക്കും. മികച്ച ഭരണമുള്ളപ്പോള്‍ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും വികസനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.
അതേസമയം, ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ 18 ബില്ലുകളും പട്ടികപ്പെടുത്തിയിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.ഭാരതീയ ന്യായ സംഹിത എന്നാണ് 1860-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര്. 1973-ല്‍ നിലവില്‍ വന്ന സി.ആര്‍.പി.സിയ്ക്ക് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. ഭാരതീയ സാക്ഷ്യ ബില്‍ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന് ബി.ജെ.പി. സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്ന പേര്.
#WATCH | Winter Session of Parliament | PM Narendra Modi says, "...If I speak on the basis of the recent elections' results, this is a golden opportunity for our colleagues sitting in the Opposition. Instead of taking out your anger of defeat in this session, if you go ahead with… pic.twitter.com/jx590Ahdru
— ANI (@ANI) December 4, 2023
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും ശീതകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് ബുള്ളറ്റിന്‍ പറയുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി വിധി.എന്നാല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ സമിതിയില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനായാണ് കേന്ദ്രം ബില്‍ ഈ രീതിയില്‍ അവതരിപ്പിച്ചത്.ജമ്മു കശ്മീര്‍ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 107-ല്‍ നിന്ന് 114 ആയി ഉയര്‍ത്തുന്ന ബില്ലാണ് മറ്റൊന്ന്. കശ്മീരി കുടിയേറ്റക്കാര്‍ക്കും പാക് അധീന കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ഇതെന്നാണ് വിശദീകരണം.
Content Highlights: PM modi against opposition