ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: 60 പേർക്ക് പരിക്ക്

#News Desk
അപകടം നടന്ന സ്ഥലം | Photo: 'X' @LaszloRealtor
അപകടം നടന്ന സ്ഥലം | Photo: 'X' @LaszloRealtor

ഗോപേശ്വർ: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു. നിർമാണ പ്രവർത്തികൾ നടക്കുന്ന വിഷ്ണുഗഡ്–പിപൽകോടി ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിന്റെ പിപൽകോടി തുരങ്കത്തിനുള്ളിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിർമ്മാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

109 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയതായും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ജില്ലാ കളക്ടർ ഗൗരവ് കുമാർ പറഞ്ഞു. 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിലെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വസ്തുവകകളും തുരങ്കങ്ങൾക്കുള്ളിൽ കൊണ്ടുപോകാൻ സാധാരണയായി ലൊക്കോ ട്രെയിനുകളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ടിഎച്ച്ഡിസിയാണ് ഇവിടെ നിർമ്മാണ പ്രവർത്തികൾ നടത്തിവന്നിരുന്നത്. അളകനന്ദ നദിയിൽ ഹെലാങ്ങിനും പിപ്പൽക്കോട്ടിക്കുമിടയിലാണ് 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്-പിപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്. അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ നാല് ടർബൈനുകൾ വഴി 111 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Accident at Vishnugad-Pipalkoti Hydroelectric Project: Loco train carrying workers hits goods train in Pipalkoti tunnel. 60 injured, rescued, stable.