നീതി വൈകുന്നു; രാജ്യത്ത് കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകൾ, 30 വർഷമായി തീർപ്പാകാത്തത് 80,000-ഓളം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ ഫയലുകൾ കുന്നുകൂടുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജില്ലാ കോടതികളിലുമായി ആകെ 5.64 കോടി കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളതെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതിയിൽ മാത്രം 96,000-ലധികം കേസുകൾ മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ പതിനായിരത്തിലധികം കേസുകൾ പത്തു വർഷത്തിലേറെയായി തുടരുന്നവയാണ്. 30 വർഷത്തിലേറെയായി വിധി വരാത്ത 26 കേസുകളും 20 വർഷത്തിലേറെയായി മാറ്റിവെച്ച 558 കേസുകളും സുപ്രീം കോടതിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

30 വർഷത്തിലധികമായി വിധി കാത്തുനിൽക്കുന്ന 80,660 കേസുകളാണ് ഹൈക്കോടതികളിൽ മാത്രമുള്ളത്. കേസുകൾ തീർപ്പാക്കുന്നത് പൂർണ്ണമായും ജുഡീഷ്യറിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അതിനാൽ എക്സിക്യൂട്ടീവിന് ഇതിനായി കൃത്യമായ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സാക്ഷികളുടെയും അന്വേഷണ ഏജൻസികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീർണ്ണതകൾ എന്നിവയൊക്കെയാണ് കേസുകൾ നീണ്ടുപോകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോടതികളിലെ ജഡ്ജിമാരുടെ കുറവാണ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. രാജ്യത്തെ 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്ജിമാരുടെ സ്ഥാനത്ത് നിലവിൽ 341 ഒഴിവുകളാണുള്ളത്. കീഴ്ക്കോടതികളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അനുവദിക്കപ്പെട്ട 30,868 തസ്തികകളിൽ 7,311 എണ്ണവും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെയും കോടതി ജീവനക്കാരുടെ കുറവും നടപടികളെ മന്ദഗതിയിലാക്കുന്നുണ്ട്.

Content Highlights: Over 5.64 crore cases are pending across Indian courts, with thousands awaiting disposal for 30+ years.