ഗുജറാത്തിൽ റോപ്‌വേയുടെ കേബിൾ പൊട്ടി ട്രോളി തകർന്നുവീണു; ആറ് മരണം

അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: 'X' RashtraVaani
അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: 'X' RashtraVaani

ഗാന്ധിനഗർ: ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് പേർ മരിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രോളി തകർന്നുവീഴുകയായിരുന്നു. 

ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ആറ് പേരാണ് മരിച്ചതെന്ന് പഞ്ചമഹൽ കളക്ടർ സ്ഥിരീകരിച്ചു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

കുന്നിൻ മുകളിലെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മുകളിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർഗോ റോപ്‌വേ ട്രോളി, കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. പോലീസും ഫയർ ബ്രിഗേഡ് സംഘവും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

2000 പടികൾ കയറിയെത്തേണ്ട ക്ഷേത്രം 800 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്ന പാസഞ്ചർ റോപ്‌വേ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്നെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചിരുന്ന ഗുഡ്‌സ് റോപ്‌വേ പ്രവർത്തിച്ചിരുന്നു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

Content Highlights: A cargo ropeway carrying construction materials collapsed at Pavagadh hill, Gujarat