മുംബൈ ബോട്ടപകടത്തിൽ മലയാളി കുടുംബവും; 6 വയസ്സുകാരനെ രക്ഷിച്ചു, ദമ്പതിമാർക്കായി തിരച്ചിൽ

അപകടത്തില്‍പ്പെട്ട് മുങ്ങിയ യാത്രബോട്ട്, അപകടംവരുത്തിയ സ്പീഡ് ബോട്ട് കുതിച്ചെത്തുന്നു (പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍നിന്ന്)
അപകടത്തില്‍പ്പെട്ട് മുങ്ങിയ യാത്രബോട്ട്, അപകടംവരുത്തിയ സ്പീഡ് ബോട്ട് കുതിച്ചെത്തുന്നു (പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍നിന്ന്)

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബം ഉൾപ്പെട്ടതായി സൂചന. കേരളത്തിൽനിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയിൽ എത്തിയ മലയാളി ദമ്പതിമാർ അപകടത്തിൽപ്പെട്ടതായാണ് വിവരം. 

അപകടത്തിൽ പരിക്കേറ്റ്, നവി മുംബൈയിലെ ഉറാനിലുള്ള ജെ.എൻ.പി.ടി ആശുപത്രിയിൽ ആറുവയസ്സുകാരൻ ചികിത്സയിൽ കഴിയുന്നുണ്ട്. ബോട്ടിലുണ്ടായിരുന്ന തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ഈ കുട്ടിയാണ് പോലീസിന് മൊഴി നൽകിയത്. 

അപകടത്തിൽ പരിക്കേറ്റ 101 പേരെ ആറോളം ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാൽ മലയാളി ദമ്പതിമാർ ഇവിടെ എവിടെയെങ്കിലും ചികിത്സയിലുണ്ടോ എന്നതുൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസിനൊപ്പം മുംബൈയിലെ മലയാളി കൂട്ടായ്മകളും ​രം​ഗത്തുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന യാത്ര  ബോട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. യാത്ര ബോട്ടിലേക്ക് ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട്  ഇടിച്ചുകയറുകയായിരുന്നു. നൂറിലധികം പേരാണ് യാത്രാബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.  

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സ്പീഡ് ബോട്ട് കടലില്‍ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തില്‍കാണാം.

സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന കഴിഞ്ഞദിവസം അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത് എന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ രണ്ട് നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ ആറുപേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.  അതേസമയം, ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യതയില്ലാത്തതിനാൽ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന് വ്യക്തമല്ല.   

Content Highlights: Passenger boat capsizes near Gateway of India in Mumbai