പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; സ്പീക്കറുടെ നടപടി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം | Photo: PTI
അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം | Photo: PTI

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ് രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പി. എംപിമാര്‍ തള്ളിയതിനെത്തുടര്‍ന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു.

പരിക്കേറ്റെന്ന് ബി.ജെ.പി. പറയുന്ന എം.പിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയുമാണ് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ രാഹുലിനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. രാഹുല്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പിയുടെ നാഗാലാന്‍ഡില്‍നിന്നുള്ള വനിതാ എം.പി. ഫോങ്‌നോന്‍ കോന്യാകും രംഗത്തെത്തിയിരുന്നു.

Content Highlights: Speaker Om Birla bans protests at Parliament gates after clashes