ഇന്ത്യയുടെ വ്യോമാക്രണങ്ങളില്‍ തകര്‍ന്നടിഞ്ഞു; അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് ചുവടുമാറ്റി ഭീകരസംഘടനകള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാക് ഭീകര സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയ്ക്ക് സമീപത്തേക്ക് മാറ്റിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള ഭീകരസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി പാര്‍പ്പിക്കുന്ന ലോഞ്ച്പാഡുകളായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ ഇന്ത്യ കൃത്യമായ ആക്രമണങ്ങളിലൂടെ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകരസംഘടനകളുടെ ആസ്ഥാനമടക്കം ആക്രമിച്ച് തകര്‍ത്തു. ഇതോടെയാണ് പ്രവര്‍ത്തനം അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ഭീകരര്‍ നിര്‍ബന്ധിതരായത്.
2008 നവംബറിലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ലഷ്‌കറെ ത്വയ്ബ ഖൈബര്‍ പക്തൂണ്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 47 കിലോമീറ്റര്‍ മാത്രം അടുത്തുള്ള സ്ഥലത്താണ് മര്‍ക്കസ് ജിഹാദി അക്‌സ എന്ന ഭീകരവാദ പരിശീലന കേന്ദ്രം ലഷ്‌കറെ ത്വയ്ബ ആരംഭിച്ചത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
4600 ചതുരശ്ര അടി വിസ്താരത്തിലുള്ള ഈ കേന്ദ്രത്തില്‍ ഒരു പള്ളിയും, പരിശീലന കേന്ദ്രവും താമസ സൗകര്യങ്ങളുമുണ്ട്. പല കാര്യങ്ങള്‍ക്കായി വന്ന ഫണ്ടുകള്‍ ഈ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ലഷ്‌കര്‍ വകമാറ്റി വിടുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലഷ്‌കര്‍ നേതൃത്വം മുന്നോട്ടുപോകുന്നത്.
ഹൈദരാബാദ് സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ നാസര്‍ ജാവേദാണ് ഈ കേന്ദ്രത്തിലെ കമാന്‍ഡര്‍ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇതിന് പുറമെ ബിലാല്‍ ഭായ് എന്ന് അറിയപ്പെടുന്ന മുഹമ്മദ് യാസിന്‍, അനസുള്ള ഖാന്‍ എന്നീ ഭീകരവാദി നേതാക്കള്‍ പുതിയതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നവരായി പ്രവര്‍ത്തിക്കുമെന്നാണ് വിവരം.
ലഷ്‌കറിന്റെ പുതിയ ചാവേര്‍ ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനവും ഇവിടെയായിരിക്കുമെന്നാണ് കരുതുന്നത്.
മെയ് ഏഴിന് ഇന്ത്യ തുടങ്ങിവെച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറിന്റെ പാക് അധിനിവേശ കശ്മീരിലെ മര്‍ക്കസ് അല്‍ ഹാദിത് എന്ന ഭീകരവാദ കേന്ദ്രം തകര്‍ന്നു തരിപ്പണമായിരുന്നു. ഇതിന് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് ലഷ്‌കര്‍ പ്രവര്‍ത്തനം മാറ്റിയത്. ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണങ്ങളില്‍ നിന്നും സൈന്യത്തിന്റെ കരവഴിയുള്ള മിന്നലാക്രമണങ്ങളില്‍ നിന്നും പരമാവധി രക്ഷപ്പെടാനാണ് ഈ നീക്കം.
ലഷ്‌കറിന്റെ കേന്ദ്രത്തിന് നാല് കിലോമീറ്ററിനുള്ളില്‍ തന്നെ ഹിസ്ബുള്‍ മുജാഹിദീന്റെ ഭീകരവാദ കേന്ദ്രവുമുണ്ട്. മറ്റൊരു ഭീകരവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദും പ്രദേശത്ത് സ്വന്തം താവളം സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ഖൈബര്‍ പക്തൂണ്‍ഖ്വയിലെ പാകിസ്താനെതിരായി പ്രവര്‍ത്തിക്കുന്ന തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍ എന്ന പാക് താലിബാനെതിരെ പാകിസ്താന്‍ സൈന്യം നിരവധി സൈനിക നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാക് സൈനിക നീക്കങ്ങളെ തുടര്‍ന്ന് പാക് താലിബാന് സ്വാധീനം നഷ്ടപ്പെടുന്ന മേഖലകളില്‍ പാകിസ്താന്‍ അനുകൂല ഭീകരസംഘടനകള്‍ കളംപിടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Intelligence reports indicate Pakistani terror groups, backed by ISI, have relocated operations near Afghanistan border post `Operation Sindhu`. LeT establishes new training camp.