പാക് മന്ത്രിക്കും സംഘത്തിനും താജ്മഹൽ സന്ദർശിക്കാൻ അനുമതി, നിസാമുദ്ദീനിൽ സന്ദർശനത്തിന് അനുമതിയില്ല

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പാകിസ്താൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എന്നാൽ ദേശീയ തലസ്ഥാനത്തെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അവരുടെ നിർദ്ദേശത്തിന് സുരക്ഷാ ക്ലിയറൻസ് നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താന്റെ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി മുസദിക് മസൂദ് മാലിക് നയിക്കുന്ന സംഘം, ഹുമയൂണിന്റെ മഖ്ബറ, ദില്ലി ഹാട്ട് എന്നിവയുൾപ്പെടെ ഡൽഹിയിൽ സുരക്ഷാ ക്ലിയറൻസ് ലഭിച്ച മറ്റ് സ്ഥലങ്ങളും സന്ദർശിക്കും. സംഘത്തിന് താജ്മഹലടക്കം സന്ദർശിക്കാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാനാണ് സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പുരാന ഖിലയിലെത്തിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഒരു പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ചാർജ് ഡി അഫയേഴ്സ് സാദ് വാറൈച്ച് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
മുസാദിഖ് മാലിക് ഇന്ത്യയിൽ എത്തിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. സിന്ധുനദീജലക്കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരേ മുൻപ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ളയാളാണ് മാലിക്.
ഭീകരവാദവിരുദ്ധ നടപടികൾ, നയതന്ത്രനടപടികൾ എന്നിവയിൽ കേന്ദ്രത്തിന് സ്ഥിരതയില്ലെന്നും ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് മാലിക് ഉപയോഗിച്ച ഭാഷ ഭീകരവാദികളുടേതിന് സമാനമായിരുന്നെന്ന് കോൺഗ്രസ് രാജ്യസഭാംഗം പ്രമോദ് തിവാരി വിമർശിച്ചു.
Content Highlights: Pakistan climate change minister Musadiq Masood Malik leads delegation for SCO cultural summit in Delhi., MEA grants permission to visit the Taj Mahal and Humayun's Tomb., Security clearance denied for the proposed visit to Nizamuddin Dargah., First visit by a Pakistani minister to India in three years.