‘ബ്രിക്സി’ൽ കടന്നുകൂടാൻ കിണഞ്ഞ് ശ്രമിച്ച് പാകിസ്താൻ, തടയിട്ട് ഇന്ത്യ; അപേക്ഷ വർഷങ്ങളായി മേശപ്പുറത്ത്

ന്യൂഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിൽ അംഗത്വം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഇപ്പോഴും ലക്ഷ്യംകാണാതെ തുടരുന്നു. 2023-ൽ അപേക്ഷ നൽകിയിട്ടും പാകിസ്താനെ ഇപ്പോഴും പരിഗണിച്ചിട്ടില്ല. പ്രധാനമായും ഇന്ത്യയുടെ എതിർപ്പാണ് പാകിസ്താനെ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയ്ക്ക് പുറത്തുനിർത്തുന്നത്.
കഴിഞ്ഞവർഷം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ. എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മ 'ബ്രിക്‌സ് പ്ലസ്' ആയി വിപുലീകരിച്ചപ്പോഴും ഇന്ത്യ വീറ്റോ അധികാരം ഉപയോഗിച്ചതു കാരണം പാകിസ്താന് പുറത്തുനിൽക്കേണ്ടിവരികയായിരുന്നു.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും കൂട്ടായ്മകളെ സജീവമാക്കാനും ബ്രിക്‌സിൽ അംഗമാകുന്നതിലൂടെ സാധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മിക്ക ബ്രിക്‌സ് രാജ്യങ്ങളുമായും തങ്ങൾക്ക് നല്ല ബന്ധമാണുള്ളത്. അതിനാൽ, അപേക്ഷ അനുകൂലമായി പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലൂച്ച് മുൻപ് പ്രതികരിച്ചിരുന്നു. റഷ്യയുടെയും ചൈനയുടെയും പിന്തുണ പാകിസ്താന് ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ എതിർപ്പാണ് അംഗത്വത്തിന് തടസ്സമാകുന്നത്. നിലവിലുള്ള എല്ലാ അംഗങ്ങളുടേയും പൂർണ സമ്മതത്തോടെ മാത്രമേ പുതിയ രാജ്യങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകാൻ സാധിക്കൂ.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ പുതിയ സാമ്പത്തിക സഹായ സ്രോതസ്സുകൾ കണ്ടെത്താനാണ് അംഗത്വത്തിനായി ശ്രമിക്കുന്നത്. സാമ്പത്തിക സർവേ പ്രകാരം നിലവിൽ 3.70 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. വളർച്ചാ നിരക്ക്. ലോകബാങ്കിനേയും അന്താരാഷ്ട്ര നാണയ നിധിയെയും (ഐ.എം.എഫ്.) ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ബ്രിക്‌സിന്റെ കീഴിലുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ 580 ദശലക്ഷം ഡോളറിന്റെ ഓഹരികൾ പാകിസ്താൻ സ്വന്തമാക്കിയതായി നിക്കേ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്മയായി ബ്രിക്‌സ് വളരുന്ന പശ്ചാത്തലത്തിലാണ് പാകിസ്താനും അപേക്ഷനൽകിയത്. പാകിസ്താൻ ഉൾപ്പെടെ 29 രാജ്യങ്ങളാണ് നിലവിൽ അംഗത്വത്തിനായി കാത്തിരിക്കുന്നത്. വിപുലീകരിച്ച ബ്രിക്‌സ് പ്ലസ് കൂട്ടായ്മ ഇപ്പോൾ ലോക ജനസംഖ്യയുടെ 49 ശതമാനത്തെയും ആഗോള ജി.ഡി.പി.യുടെ 40 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നു.