സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ; വാഗാ അതിര്‍ത്തി അടച്ചു, കുടുങ്ങിക്കിടക്കുന്നത് ഒട്ടേറെപേർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍. പാക് പൗരന്മാര്‍ക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനല്‍കിയെങ്കിലും പാകിസ്താന്‍ വാഗാ അതിര്‍ത്തി അടച്ചതായും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍നിന്ന് മടങ്ങുന്ന ഒട്ടേറെ പാക് പൗരന്മാരാണ് അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ഏപ്രില്‍ 30-ന് അട്ടാരി അതിര്‍ത്തി അടയ്ക്കുമെന്നും ഇതിനകം പാക് പൗരന്മാര്‍ രാജ്യം വിടണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച സമയപരിധി ഇന്ത്യ നീട്ടിനല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാകിസ്താന്‍ പൗരന്മാര്‍ക്ക് അട്ടാരി അതിര്‍ത്തിവഴി മടങ്ങാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. അതേസമയം, പാകിസ്താന്‍ വാഗാ അതിര്‍ത്തി അടച്ചിട്ടതിനാല്‍ വ്യാഴാഴ്ച ഇരുരാജ്യങ്ങളില്‍നിന്നും ആര്‍ക്കും മറുഭാഗത്തേക്ക് കടക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ ആറുദിവസത്തിനുള്ളില്‍ 786 പാകിസ്താന്‍ പൗരന്മാര്‍ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. പാക് നയതന്ത്ര ഉദ്യോഗസ്ഥരായ 55 പേരും ഇതില്‍ ഉള്‍പ്പെടും. ഇതേസമയം, പാകിസ്താനില്‍നിന്ന് വാഗാ അതിര്‍ത്തിയിലൂടെ 1465 ഇന്ത്യക്കാരും തിരിച്ചെത്തി.
Content Highlights: Pakistan refuses entry to its citizens returning from India, pakistan closed its border