ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പരിക്കേറ്റ വിനോദ സഞ്ചാരികളെ ആശുപത്രിയിലേക്ക് മാറ്റുന്നു| Screen grab image from video posted in X
പരിക്കേറ്റ വിനോദ സഞ്ചാരികളെ ആശുപത്രിയിലേക്ക് മാറ്റുന്നു| Screen grab image from video posted in X

പഹല്‍ഗാം:  ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമിലാണ് സംഭവം. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന്  സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 12 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചില്‍ തുടങ്ങി. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്.

മറ്റുള്ളവര്‍ വിനോദസഞ്ചാരികളാണെന്നാണ് വിവരങ്ങള്‍. പഹല്‍ഗമാമിലെ ബെയ്‌സരണ്‍ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പോലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാകാമെന്ന് സംശയിക്കുന്നത്. 

സമീപകാലത്ത് ജമ്മുകശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്. ആക്രമണം നടന്ന സ്ഥലം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്. മുമ്പും കശ്മീരികളല്ലാത്തവര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലമുള്ള സംഘടനയാണ് ഇത്.

Content Highlights: Terrorist Attack on Tourists in Pahalgam, J&K