സമയപരിധി ഇന്ന് അവസാനിക്കും; അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത് 509 പാകിസ്താനികള്‍

രാജ്യം വിടാനായി അട്ടാരി-വാഗാ അതിര്‍ത്തിയിലെത്തിയ പാകിസ്താനികളുടെ രേഖകള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു | Photo: PTI
രാജ്യം വിടാനായി അട്ടാരി-വാഗാ അതിര്‍ത്തിയിലെത്തിയ പാകിസ്താനികളുടെ രേഖകള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു | Photo: PTI

ന്യൂഡല്‍ഹി: അട്ടാരി- വാഗാ അതിര്‍ത്തി വഴി വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തിനിടെ ഇന്ത്യ വിട്ടത് 509 പാകിസ്താനികള്‍. ഹ്രസ്വകാല വിസയിലെത്തിയ പാകിസ്താനികള്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 

മൂന്നുദിവസത്തിനിടെ 745 ഇന്ത്യക്കാരും പാകിസ്താനില്‍നിന്ന് മടങ്ങിയെത്തി. 14 നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള ഇന്ത്യക്കാരാണ് അട്ടാരി-വാഗാ അതിര്‍ത്തി വഴി തിരിച്ചെത്തിയത്. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. സാര്‍ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം. ബിസിനസുകാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍ തുടങ്ങി ഹ്രസ്വകാല വിസയിലെത്തിയവര്‍ക്ക് ഏപ്രില്‍ 27 ഞായറാഴ്ചയാണ് സമയപരിധി. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാര്‍ ഏപ്രില്‍ 29-നകം ഇന്ത്യ വിടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.  അതേസമയം, ദീര്‍ഘകാല വിസയുള്ളവര്‍ക്കും നയതന്ത്ര വിസയുള്ളവര്‍ക്കും രാജ്യംവിടാനുള്ള ഉത്തരവ് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഏപ്രില്‍ 27-ന് ശേഷവും ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഇന്ത്യയില്‍ തങ്ങിയാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിച്ചേക്കാം. 

അതിനിടെ, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും ഒട്ടേറെ പാകിസ്താനികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. പാകിസ്താനിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാനസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മറ്റുരാജ്യങ്ങളിലേക്കാവും ഇവര്‍ ഇന്ത്യയില്‍നിന്ന് മടങ്ങിയിട്ടുണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു. 

Content Highlights: Following the Pahalgam attack, 509 Pakistanis left India via Attari-Wagah border