കേന്ദ്രജീവനക്കാർക്ക് പഴയതുപോലെ ഗ്രാറ്റ്വിറ്റി; വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ലഭിക്കും

#ഷൈൻ മോഹൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters

ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി പഴയ പെൻഷൻപദ്ധതി (ഒപിഎസ്) പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ലഭിക്കും. യുപിഎസ് തിരഞ്ഞെടുത്തവർ വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ഒപിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനുകീഴിലെ പെൻഷൻ വകുപ്പ് ബുധനാഴ്ച ഉത്തരവിറക്കി. ഡിസെബിലിറ്റി സംഭവിച്ചോ അയോഗ്യതകൊണ്ടോ ജോലിനഷ്ടമായവർക്കും ഒപിഎസ് പ്രകാരമുള്ള ഗ്ര്വാറ്റിറ്റിക്ക് അർഹതയുണ്ടാകും. വിരമിക്കൽ ആനുകൂല്യത്തിൽ തുല്യതവേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര പഴ്‌സണൽവകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ച യുപിഎസ് പദ്ധതി കഴിഞ്ഞ ഏപ്രിലിലാണ് നിലവിൽവന്നത്. പെൻഷൻതുക കുറവുള്ള 2004-ലെ പുതിയപദ്ധതിയിൽനിന്ന് പഴയതിലേക്ക് (ഒപിഎസ്) മടങ്ങണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നതിനിടെയാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന യുപിഎസ് നടപ്പാക്കിയത്. എന്നാൽ, ഗ്രാറ്റ്വിറ്റി ആനുകൂല്യം ഒപിഎസുമായി താരതമ്യംചെയ്യുമ്പോൾ യുപിഎസിൽ കുറവായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായത്.

2021-ലെ കേന്ദ്ര സിവിൽസർവീസ് (നാഷണൽ പെൻഷൻ സിസ്റ്റം പ്രകാരമുള്ള ഗ്രാറ്റ്വിറ്റി നൽകൽ) ചട്ടപ്രകാരമുള്ള വിരമിക്കൽ ഗ്രാറ്റ്വിറ്റിയും ഡെത്ത് ഗ്രാറ്റ്വിറ്റിയും ലഭിക്കാൻ യുപിഎസ് തിരഞ്ഞെടുത്ത ജീവനക്കാർ അർഹരായിരിക്കുമെന്നാണ് ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നത്. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഉത്തരവിനെ അഖിലേന്ത്യാ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് മൻജീത് സിങ് പട്ടേൽ സ്വാഗതംചെയ്തു. ചരിത്രപരമായ തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 
 

Content Highlights: Central Government Improves Gratuity Benefits for NPS Employees