ബിഹാറിൽ കന്നിവോട്ടറായി 124 വയസ്സുകാരി മിന്റ ദേവി! തിര. കമ്മിഷനെ പരിഹസിച്ച് ടി ഷർട്ടുമായി പ്രതിപക്ഷം

ന്യൂഡൽഹി: ബിഹാറിൽ എസ്ഐആർ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 124 വയസ്സുള്ള മിന്റ ദേവി എന്നുപേരായ സ്ത്രീയെ കന്നിവോട്ടറായി ഉൾപ്പെടുത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ.
കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാർലമെന്റിലെത്തിയത്. സമ്മേളനം ആരംഭിക്കുന്നതിനുമുൻപ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷർട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവർ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് രാവിലെ സഭയിലെത്തിയത്.
ഇത്തരത്തിൽ ഒട്ടേറെ കേസുകൾ ഇനിയുമുണ്ടെന്നും അവ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ സിവാൻ ലോക്‌സഭാമണ്ഡലത്തിൽപ്പെട്ട ദരൗന്ധ നിയമസഭാമണ്ഡലത്തിൽ കന്നി വോട്ടറായാണ് 124 വയസ്സുള്ള മിന്റ ദേവി രജിസ്റ്റർചെയ്തതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രായം ചെന്ന സ്ത്രീയെ കണ്ടെത്തി കന്നിവോട്ടറാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ സമൂഹത്തിന് വളരെ വലിയ സേവനമാണ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പരിഹസിച്ചു.
അതേസമയം, പ്രതിപക്ഷം പരാമർശിച്ച ദരൗന്ധ മണ്ഡലത്തിലെ മിന്റാ ദേവി 35 വയസ്സുള്ള സ്ത്രീയാണെന്ന് സ്വന്തം അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സ്വകാര്യ ചാനൽ വെളിപ്പെടുത്തി.
Content Highlights: Opposition MPs protested against the Election Commission over a 124-year-old woman listed