'വിടവാങ്ങൽ പ്രസംഗം നടത്താൻ കഴിഞ്ഞില്ല'; ധന്‍കറിന് അത്താഴവിരുന്ന് നല്‍കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് വിടവാങ്ങല്‍ അത്താഴവിരുന്ന് നല്കാന് പ്രതിപക്ഷം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിലേക്ക് പ്രതിപക്ഷം ധന്‍കറിനെ ക്ഷണിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയായിരുന്നു ധന്‍കറിന്റെ അപ്രതീക്ഷിത രാജി. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു, രാജി അംഗീകരിച്ചു. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധന്‍കര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും യഥാര്‍ഥ കാരണം അതുതന്നെയാണോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.
ധന്‍കറിന് രാജ്യസഭയില്‍ വിടവാങ്ങല്‍ പ്രസംഗം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ധന്‍കറിന് യാത്രയയപ്പ് നല്‍കാനുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തുന്നത്. അതേസമയം, യാത്രയയപ്പ് വാഗ്ദാനം ധന്‍കര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: opposition plans to hold farewell dinner to jagdeep dhankar