ഗ്യാനേഷ് കുമാറിന്റെ രാജി: രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷം; എംപിമാരുടെ യോഗം വിളിച്ച് ഖാർഗെ

#ന്യൂസ് ഡെസ്ക്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്. | Photo: AP Photo/Manish Swarup
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്. | Photo: AP Photo/Manish Swarup

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി.) ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ പ്രതിപക്ഷ പാർട്ടികൾ സമയം തേടിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ 'ഇന്ത്യ' സഖ്യ നേതാക്കൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

അതിനിടെ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എം.പി.മാരുടെ യോഗം വിളിച്ചു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ചയ്ക്ക് സമയംചോദിച്ചുകൊണ്ടുള്ള കത്തിൽ ജനപ്രതിനിധികൾ ഒപ്പുവെക്കുമെന്നും എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. എസ്.ഐ.ആർ. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടുവരുന്ന 'ഇന്ത്യ' സഖ്യം, തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടതായി ആരോപിച്ചു.

ചൊവ്വാഴ്ച, 'ഇന്ത്യ' സഖ്യത്തിലെ വിവിധ കക്ഷികളിലെ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ആകാശവാണി ഭവന് മുന്നിൽ നേതാക്കൾ ധർണ നടത്തി. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

പ്രതിപക്ഷ എം.പി.മാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ട് ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് പ്രതിപക്ഷം ആഗ്രഹിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന് പിന്നാലെ, വൈകീട്ട് നാല് മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 240-ഓളം എം.പി.മാരുടെ സംഘം പാർലമെന്റ് ഹൗസ് അനക്സിൽ വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ട് നിവേദനം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വൈകീട്ട് നാല് മണിയോടെ ഡൽഹി പോലീസ് അറിയിക്കുകയായിരുന്നുവെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.