'ഓപ്പറേഷൻ സോഹൻ'; ഉധംപൂരിൽ രണ്ട് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ഉധംപുർ: ജമ്മു കാശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേന നടത്തിയ രാത്രികാല ദൗത്യത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി വൈകിയാണ് ഓപ്പറേഷൻ സോഹൻ എന്ന് പേരിട്ട സംയുക്ത ദൗത്യം നടന്നത്. ഉധംപുരിലെ ബ്രട്ടാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്.

സൈന്യത്തിനൊപ്പം ജമ്മു കാശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. പ്രദേശത്ത് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാസേന മേഖല വളയുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. രാത്രിയിൽ ഏതാനും വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേട്ടതായി റിപ്പോർട്ടുകളുണ്ട്.

പിന്നീട് വെടിവെപ്പ് നിലച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ഭീകരർ വീണ്ടും വെടിയുതിർത്തു. തുടർന്ന് സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്‌സ് സ്ഥിരീകരിച്ചു. കനത്ത മഴയും ദുഷ്‌കരമായ ഭൂപ്രകൃതിയും മോശം ദൃശ്യതയും നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ഓപ്പറേഷൻ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സുരക്ഷാസേന വിജയകരമായി തിരിച്ചടിച്ചു.

കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സുരക്ഷാസേന അറിയിച്ചു. ഇവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പാകിസ്താൻ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്നാണ് റിപ്പോർട്ട്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ തിരച്ചിലും നിരീക്ഷണവും തുടരുകയാണ്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Indian Army's White Knight Corps confirmed the neutralisation of two terrorists in Udhampur district during 'Operation Sohan'. The joint night operation involved J&K Police and CRPF amid harsh weather conditions.