‘ഓപ്പറേഷൻ സിന്ദൂറിൽ പ്രകടമായത് സൈന്യത്തിന്റെ കഴിവും അച്ചടക്കവും, ആവശ്യമെങ്കിൽ ഇതിലുമേറെ സാധിക്കുമായിരുന്നു’

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തമായി പ്രതികരിക്കാനാവുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍, സൈന്യം നിയന്ത്രിതവും സൂക്ഷ്മവുമായ പ്രതികരണ രീതിയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവും അച്ചടക്കവുമാണ് ഇതുവഴി പ്രകടമായത്. ഭീകരവാദ ഭീഷണികളെ സ്ഥിതിഗതികള്‍ വഷളാകാത്ത വിധം നേരിടാന്‍ സേനയ്ക്ക് കഴിഞ്ഞു. ധൈര്യവും ആത്മനിയന്ത്രണവും ഒരുപോലെ പ്രകടിപ്പിക്കുന്ന വിധം അനിവാര്യമായ കാര്യങ്ങൾമാത്രമേ സൈന്യം ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ സായുധസേനകള്‍, സിവില്‍ ഭരണകൂടം, അതിര്‍ത്തിപ്രദേശങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കിടയിലെ ഏകോപനം അവിശ്വസനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സായുധസേനയ്ക്ക് പിന്തുണ നല്‍കിയ ലഡാക്കിലേയും അതിര്‍ത്തി പ്രദേശങ്ങളിലേയും എല്ലാ പൗരന്മാര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പൂര്‍ത്തിയാക്കിയ രാജ്യത്തുടനീളമുള്ള 125 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ലഡാക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗ്രഹിച്ചിരുന്നുവെങ്കില്‍ പാക് ഭീകരര്‍ക്കെതിരേ ഇതിലും കൂടുതല്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍, ധൈര്യവും നിയന്ത്രണവും ഒരുപോലെ കൈക്കൊണ്ടു. ഗതാഗതസൗകര്യങ്ങളുടെ ലഭ്യതമൂലമാണ് ഇത്രവലിയ സൈനികനീക്കം സാധ്യമായത്. അതിർത്തി പ്രദേശങ്ങളിലേയ്ക്കുള്ള യാത്ര സുഗമമായതിനാൽത്തന്നെ സേനയ്ക്കാവശ്യമായ സൈനികോപകരണങ്ങൾ സമയത്ത് എത്തിക്കാന്‍ സാധിച്ചതാണ് ചരിത്രവിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സായുധസേന മേയ് ഏഴിന് നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി പാകിസ്താനില്‍ കനത്ത നാശം വിതച്ചു. പാക് ഭീകരതാവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണങ്ങള്‍. ഓപ്പറേഷനിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടു.
Content Highlights: Operation Sindoor: Defence Minister Highlights Restrained Indian Response & Border Connectivity's Role