ഓപ്പറേഷൻ സിന്ദൂർ ചർച്ച 29-ന് പാർലമെന്റിൽ; 16 മണിക്കൂർ സമയമനുവദിച്ചു, മോദി പങ്കെടുക്കാൻ സാധ്യത

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച ഈമാസം 29-ന് രാജ്യസഭയില്‍ നടക്കും. ചര്‍ച്ചയ്ക്കായി 16 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക.
സംഭവത്തില്‍ പ്രധാനമന്ത്രി എന്താണ് പാര്‍ലമെന്റില്‍ പറയുക എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. ട്രംപാണ് വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് പറയുമോ? മോദിക്ക് അത് പറയാന്‍ കഴിയില്ല. കാരണം ലോകത്തിനറിയാം, അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞുകഴിഞ്ഞു. പക്ഷേ, വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ്? ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല. ഒരുവശത്ത് നമ്മള്‍ ജയിച്ചെന്ന് പറയുന്നു മോദി. മറുവശത്ത്, ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. സംഘര്‍ഷ സമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന് മറുപടിയായി ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മുടെ രാജ്യത്തെ സൈന്യത്തിന്റെ വിജയത്തില്‍ രാഹുലിന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസിം മുനീറിനേക്കാള്‍ സ്ഥിരതയോടെ പാകിസ്താന്‍ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധിയോട് പാകിസ്താന്‍ നന്ദി പറയണമെന്നും ഭണ്ഡാരി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും അതേത്തുടര്‍ന്ന് കേന്ദ്രം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ പ്രതികരണത്തില്‍ ഉത്തരവാദിത്വവും വ്യക്തതയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മുദ്രാവാക്യം വിളികളും തടസ്സങ്ങളുമുണ്ടായി. അതിനാല്‍ വരാനിരിക്കുന്ന ചര്‍ച്ച തീവ്രമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചയില്‍ മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlights: 16-hour debate on Operation Sindoor scheduled in both Houses