കേരള പോലീസിന്റെ ശ്വാനസേന തുണച്ചു; തെലങ്കാന ടണൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

നാഗർകുർണോൽ: തെലങ്കാനയിലെ നാഗർകുർണോലിൽ തുരങ്കദുരന്തസ്ഥലത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിഞ്ഞില്ല. കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൈപ്പത്തിമാത്രമേ കാണാനായുള്ളൂവെന്നും യന്ത്രത്തിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെത്തിക്കാൻ ശ്രമംതുടങ്ങിയതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഫെബ്രുവരി 22-നുണ്ടായ അപകടത്തിൽ എട്ടുപേരാണ് അകപ്പെട്ടത്.
കേരളത്തിൽനിന്നുള്ള നായകളും പരിപാലകരും വ്യാഴാഴ്ച നാഗർകുർണോലിലെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യർഥനയെത്തുടർന്നാണ് കേരളത്തിൽനിന്നുള്ള നായകളെ രക്ഷാപ്രവർത്തനത്തിനായെത്തിച്ചത്.
തുരങ്കത്തിന്റെ അകത്ത് 13.6 കിലോമീറ്റർ അകലെയുണ്ടായ അപകടത്തിൽ 150 മീറ്റർ നീളമുള്ള ടണൽ ബോറിങ് യന്ത്രം (ടി.ബി.എം.) പൂർണമായും തകർന്നിരുന്നു. റോബോട്ടുകളെ ഉപയോഗിച്ചും രക്ഷാപ്രവർത്തനം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. തുരങ്കനിർമാണത്തിനെത്തിയ പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ, ഝാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
Content Highlights: one deadbody have been found in telangana tunnel collapse