ആശ്വാസം! ഓണത്തിന് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: ഒടുവിൽ ആശ്വാസവാർത്ത. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഓണാഘോഷ യാത്രാതിരക്ക് കുറയ്ക്കാൻ പ്രത്യേക തീവണ്ടി അനുവദിച്ചു. എഗ്‌മോർ- മംഗളൂരു, ചെന്നൈ സെൻട്രൽ -കൊല്ലം, താംബരം-തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് പ്രത്യേകതീവണ്ടികൾ അനുവദിച്ചത്. തീവണ്ടികളിലേക്കുള്ള റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും.

മംഗളൂരു സെൻട്രൽ- എഗ്‌മോർ - മംഗളൂരു സെൻട്രൽ

മംഗളൂരു സെൻട്രലിൽനിന്ന് ജൂലായ് 13, 20, 27, ഓഗസ്റ്റ് മൂന്ന്, 10, 17, 24, 31 തീയതികളിൽ (തിങ്കളാഴ്ചകളിൽ) വൈകീട്ട് നാലിന് തിരിക്കുന്ന തീവണ്ടി(06126) പിറ്റേന്ന് രാവിലെ 10.55-ന് എഗ്‌മോറിലെത്തും.

തിരിച്ച് ചെന്നൈ എഗ്‌മോറിൽനിന്ന് ജൂലായ് 14, 21, 28, ഓഗസ്റ്റ് നാല്, 11, 18, 25, സെപ്റ്റംബർ ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി(06125) പിറ്റേന്ന് രാവിലെ 8.40-ന് മംഗളൂരുവിലെത്തും. രണ്ട് ടു ടിയർ, എട്ട് ത്രീ ടിയർ, ആറ് സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും. നാല് ജനറൽ കോച്ചുകളുമുണ്ട്. പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ചെന്നൈ സെൻട്രൽ-കൊല്ലം-ചെന്നൈ സെൻട്രൽ

ചെന്നൈ സെൻട്രലിൽനിന്ന് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് തീയതികളിൽ വൈകീട്ട് 3.10-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി(06119) പിറ്റേന്ന് രാവിലെ 7.20-ന് കൊല്ലത്തെത്തും.

കൊല്ലത്തുനിന്ന് ഓഗസ്റ്റ് 13,20,27 സെപ്റ്റംബർ മൂന്ന് തീയതികളിൽ രാവിലെ 10.40-ന് പുറപ്പെടുന്ന തീവണ്ടി(06120) പിറ്റേന്ന് രാവിലെ 3.30-ന് ചെന്നൈ സെൻട്രലിലെത്തും. 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളാണുണ്ടാകുക. പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം സെൻട്രൽ -താംബരം -തിരുവനന്തപുരം സെൻട്രൽ

തിരുവനന്തപുരത്തുനിന്ന് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് തീയതികളിൽവൈകീട്ട് 3.45-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി(06110) പിറ്റേന്ന് രാവിലെ 10-ന് താംബരത്തെത്തും. വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, സെങ്കോട്ട, തെങ്കാശി, ശിവകാശി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വിഴുപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

താംബരത്തുനിന്ന് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുന്ന തീവണ്ടി(06109) പിറ്റേന്ന് രാവിലെ 7.15-ന് തിരുവനന്തപുരത്തെത്തും. രണ്ട് ടു ടിയർ, നാല് എ.സി. ത്രീ ടിയർ, ആറ് സ്ലീപ്പർ കോച്ചുകളെന്നിവയുണ്ടാകും.

Content Highlights: Southern Railway announces special trains to manage Onam travel rush from Chennai., Routes covered: Egmore-Mangaluru, Chennai Central-Kollam, and Tambaram-Trivandrum., Detailed schedule provided for July, August, and September 2026 operations., Reservation for all special services opens this Thursday.