‘അല്ലെങ്കിൽ ഒരുപക്ഷേ PoK-ലെ ജനങ്ങൾ ഇപ്പോൾ ജമ്മു കശ്മീരിനൊപ്പം ചേരുമായിരുന്നു’- ഒമർ അബ്ദുള്ള

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും മേഖലയുടെ സംസ്ഥാന പദവി കേന്ദ്ര സർക്കാർ എടുത്തുമാറ്റുകയും ചെയ്തില്ലായിരുന്നെങ്കിൽ, പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങൾ ജമ്മു കശ്മീരുമായി ലയിക്കാൻ മുന്നോട്ടുവരുമായിരുന്നു എന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശനിയാഴ്ച ശ്രീനഗറിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രാസ്താവന.
1947-ൽ പാകിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗ്ഗ അധിനിവേശക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തിരഞ്ഞെടുത്ത കശ്മീരിലെ ജനങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് പി.ഒ.കെയിലെ ഇപ്പോഴത്തെ സാഹചര്യമെന്ന് അബ്ദുള്ള അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങൾക്കായി വാദിച്ചതിന് പിഒകെയിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.ഒ.കെയിലെ ഈ സാഹചര്യത്തിൽ തനിക്ക് അതിയായ വേദനയുണ്ടെന്നും അബ്ദുള്ള കൂട്ടിച്ചേർത്തു. ഇന്ത്യൻ സൈന്യം കശ്മീരിലെത്തുന്നതിന് മുമ്പ് തന്നെ, 1947-ൽ പാകിസ്താൻ അധിനിവേശക്കാർക്കെതിരെ പോരാടാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും കശ്മീരിലെ ജനങ്ങളെ നയിച്ച തന്റെ മുത്തശ്ശനും ജമ്മു കശ്മീരിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയ്ക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
'അതിർത്തിക്കപ്പുറമുള്ള സാഹചര്യം കാണുമ്പോൾ, 'അധിനിവേശക്കാരെ സൂക്ഷിക്കുക, ഞങ്ങൾ കശ്മീരികൾ തയ്യാറാണ്' എന്ന നമ്മുടെ പൂർവ്വികരുടെ മുദ്രാവാക്യം എത്രമാത്രം ശരിയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. പി.ഒ.കെയിലെ സാഹചര്യം കാണുമ്പോൾ എനിക്ക് വേദന തോന്നുന്നു. അദ്ദേഹം പറഞ്ഞു.
'2019-ൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും റദ്ദാക്കിയിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഇന്ന് പി.ഒ.കെയിലെ ജനങ്ങൾ ജമ്മു കശ്മീരുമായി വീണ്ടും ഒന്നിക്കുന്നതിനായി മുന്നോട്ടുവരുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അപ്പുറത്തുള്ളവർക്കായി അസംബ്ലിയിൽ ഞങ്ങൾ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നത് ഒരു ദിവസം ഇവ നികത്തപ്പെടും എന്ന പ്രതീക്ഷയിലാണ്.' അബ്ദുള്ള പറഞ്ഞു.
2019 ഓഗസ്റ്റിൽ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായി പോരാടാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഒമർ അബ്ദുള്ള ആവർത്തിച്ചു.
'സംസ്ഥാന പദവിയും ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിനും ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഞങ്ങൾ ഇനിയും പ്രവർത്തിക്കും.' തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അബ്ദുള്ള പറഞ്ഞു.
അതേസമയം, അബ്ദുള്ളയുടെ ഭാഗത്തുനിന്നും ഉണ്ടായത് 'ഉത്തരവാദിത്തമില്ലാത്ത' പ്രസ്താവനകളാണെന്ന് ബിജെപി വിമർശിച്ചു. 'മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണിത്. നമ്മുടെ ദേശീയ പതാകയെ നാം ആദരിക്കേണ്ട ഈ ദേശീയ ദിനത്തിൽ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്.' ബിജെപി നേതാവും ജമ്മു കശ്മീർ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ പറഞ്ഞു.
'സ്വന്തം സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം ഈ അവസരം ഉപയോഗിക്കേണ്ടതായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹം ഇത് രാഷ്ട്രീയത്തിനായാണ് ഉപയോഗിച്ചത്.' പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Content Highlights: Omar Abdullah stated PoK would have sought reintegration with J&K if special status remained. J&K Chief Minister criticized the 2019 revocation of statehood and constitutional guarantees. BJP slammed Abdullah's remarks as irresponsible politics on Independence Day. Abdullah reaffirmed his government's commitment to fighting for statehood restoration.