എസ്‌ഐആർ മീറ്റിങ്ങിൽ പങ്കെടുക്കാത്തതിന് സസ്പെൻഷൻ; വിവാഹത്തലേന്ന് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ഫത്തേപുർ (ഉത്തർപ്രദേശ്): തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) നടപടികൾ സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുക്കാത്തതിന് സസ്പെൻഷൻ നേരിടേണ്ടിവന്ന ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഫത്തേപുർ സ്വദേശി സുധീർ കുമാറി(25)നെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഇയാളുടെ വിവാഹം നടക്കേണ്ടതായിരുന്നു.
വിവാഹ ഒരുക്കങ്ങൾ കാരണം എസ്‌ഐആറുമായി ബന്ധപ്പെട്ട, ഞായറാഴ്ച നടന്ന യോഗത്തിൽ സുധീർ പങ്കെടുത്തിരുന്നില്ല. ഇതിനാൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ സുധീർ കുമാർ അസ്വസ്ഥനായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നും സുധീറിൻ്റെ സഹോദരി ആരോപിച്ചു. ഇവർ പോലീസിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ഡിസംബർ നാലിന് മുമ്പായി വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശമുണ്ട്. ഇതിനാൽ എസ്ഐആർ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ ജോലി സമ്മർദമുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലിചെയ്തിരുന്ന സ്ത്രീയെ ശനിയാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മധ്യപ്രദേശ്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Content Highlights: A 25-year-old clerk, suspended for missing a voter list revision meeting due to wedding preparations, tragically died by suicide in Fatehpur, UP.