ഒഡിഷയിലെ കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ബിജെപി ഭരണമാണെന്ന് ഓര്‍ക്കണം'-ഭീഷണിയുമായി ബജ്‌രംഗ്ദള്‍

പ്രതീകാത്മക ചിത്രം | AI Image
പ്രതീകാത്മക ചിത്രം | AI Image

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറില്‍ മലയാളികന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുംനേരേയുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജെപി ഭരണമാണെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചെന്നും 70 പേരടങ്ങുന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ രണ്ടുമണിക്കൂറോളം ബന്ദികളാക്കിയെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

കൈയിലുണ്ടായിരുന്ന ബൈബിള്‍ വലിച്ചെറിഞ്ഞു. ചരമവാര്‍ഷിക കുര്‍ബാനകഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ അപരിചിതര്‍ വന്നു തടയുകയായിരുന്നു. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിച്ചു. ബൈക്കിലെ എണ്ണവരെ ഊറ്റിക്കളഞ്ഞു'- അവര്‍ പറഞ്ഞു.

അതേസമയം, അതിരൂപതയുമായി ആലോചിച്ച് കേസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡിഗ്രസ് അറിയിച്ചു. ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെ 70-ഓളം ബജ്‌രംഗ്ദളുകാര്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധം

ഒഡിഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ കേരളത്തിലെ യുഡിഎഫ് അംഗങ്ങള്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിച്ചു. രാവിലെനടന്ന പ്രതിഷേധത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിഷയം ലോക്സഭയില്‍ ഉന്നയിക്കാനായി കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ പരിഗണിച്ചില്ല.

Content Highlights: Malayali priests and nuns attacked in Odisha by Bajrang Dal