‘പ്രിയപ്പെട്ട ഉമർ, ഞങ്ങളുടെ ചിന്തകളിൽ നീയുണ്ട്’; ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ മംദാനിയുടെ കത്ത്

സൊഹ്റാൻ മംദാനി, ഉമർ ഖാലിദ് | ഫോട്ടോ - പിടിഐ, എപി
സൊഹ്റാൻ മംദാനി, ഉമർ ഖാലിദ് | ഫോട്ടോ - പിടിഐ, എപി

ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി എഴുതിയ കത്ത് പുറത്ത്. മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത വ്യാഴാഴ്ചയാണ് കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സ്ന ലാഹിരി സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് കത്ത് വ്യാപകമായി പ്രചരിച്ചത്.

ഖാലിദിനയച്ച കൈയെഴുത്ത് സന്ദേശത്തിലെ വരികൾ ഇങ്ങനെയാണ്: പ്രിയപ്പെട്ട ഉമർ, കയ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. പ്രിയപ്പെട്ട ഉമർ, കഷ്ടപ്പാടുകളെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകളും അത് നിങ്ങളെ കീഴ്പ്പെടുത്താതിരിക്കുന്നതിനെ കുറിച്ചും ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം'. ഞങ്ങളുടെ എല്ലാവരുടേയും ചിന്തയിൽ നീയുണ്ടെന്നു പറഞ്ഞ് മംദാനി കത്ത് അവസാനിപ്പിക്കുന്നു.

ഉമർ ഖാലിദിന്റെ മാതാപിതാക്കൾ 2025 ഡിസംബറിൽ യുഎസ് സന്ദർശിച്ച സമയത്ത്, അവർക്ക് മംദാനി നേരിട്ട് കൈമാറിയതാണ് ഈ കത്തെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാലിദിന്റെ ഇളയ സഹോദരിയുടെ വിവാഹത്തിന് യുഎസിൽ കഴിയുന്ന മറ്റൊരു സഹോദരിക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ അവളെ കാണുക എന്ന ഉദ്ദേശ്യത്തിലാണ് മാതാപിതാക്കളായ സാഹിബ ഖാനമും സയ്യിദ് ഖാസിം റസൂൽ ഇല്യാസും യുഎസിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് യുഎസിൽവെച്ച് മംദാനിയെ കാണുകയും അവരോടൊപ്പം കുറെ സമയം ചെലവഴിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

സഹോദരിയുടെ വിവാഹത്തിൽപങ്കെടുക്കാൻ ഉമർ ഖാലിദിന് ഡൽഹി കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ജാമ്യവ്യവസ്ഥയിൽ വീടിന് പുറത്തിറങ്ങാൻ പറ്റുമായിരുന്നില്ല എന്നതിനാൽ അകത്തുതന്നെ കഴിഞ്ഞുകൂടി. ജാമ്യക്കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് തിരികെ മടങ്ങി. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിയായ ഖാലിദ്, യുഎപിഎ ചുമത്തപ്പെട്ട് അഞ്ചുവർഷമായി ജയിലിൽ തുടരുന്നു. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. 2022-ലും 2023-ലും ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

Content Highlights: NYC Mayor Mamdani Expresses Solidarity with Jailed Activist Umar Khalid