സ്ഥിരം ജീവനക്കാർ നാല്പതിൽ താഴെമാത്രം; എൻ.ടി.എ. നടത്തിയത് 270-ലേറെ പരീക്ഷകൾ

ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ച രാജ്യത്തെ പിടിച്ചുകുലുക്കിയ സമരത്തിന് വഴിവെച്ചതിനു പിന്നാലെ, നീറ്റ് പരീക്ഷ സംഘടിപ്പിച്ച നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യിലെ ആൾക്ഷാമവും ചർച്ചയാകുന്നു. നീറ്റ് യു.ജി., സി.ഇ.യു.ടി., ജെ.ഇ.ഇ. മെയിൻ തുടങ്ങിയ പ്രമുഖ പരീക്ഷകൾ സംഘടിപ്പിക്കുന്ന ഏജൻസിയിൽ സ്ഥിരംജീവനക്കാരായി 39 പേർ മാത്രമേയുള്ളൂ.
ഇക്കാര്യം കേന്ദ്രം കഴിഞ്ഞദിവസം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരജീവനക്കാരിലേറെയും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. പ്രധാന പോസ്റ്റുകളിൽപ്പോലും കരാർ, താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഏജൻസിയുടെ ദൈനംദിന പ്രവർത്തനം. ഡയറക്ടർ ജനറലും രണ്ടു ജോയിന്റ് സെക്രട്ടറിമാരും ഡെപ്യൂട്ടേഷനിലാണെന്ന് രാജ്യസഭയിൽ, വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ വ്യക്തമാക്കിയിരുന്നു.
2018-ൽ ദേശീയ ടെസ്റ്റിങ് ഏജൻസി രൂപംകൊണ്ടശേഷം 270 പരീക്ഷകൾ ഇവർ നടത്തിയിട്ടുണ്ട്. ആറുകോടിയിലേറെ വിദ്യാർഥികൾ ഈ പരീക്ഷയ്ക്കുവേണ്ടി രജിസ്റ്റർചെയ്തിട്ടുണ്ട്. ഈവർഷംമാത്രം 12 ദേശീയപരീക്ഷകൾ നടത്തി.
Content Highlights: NTA operates with only 39 permanent staff members., Critical roles, including Director General, are filled via deputation., Agency has conducted 270 exams for over 6 crore students since 2018., 12 national-level exams were successfully conducted this year., Government confirmed the staffing limitations in Rajya Sabha.