നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ ഏജൻസിയിൽനിന്ന് പിരിച്ചുവിട്ടു. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണിത്.
പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രത്തിൻ്റെ നീക്കം. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നതിനായിരിക്കും പ്രാഥമിക പരിഗണന.
സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിൻ്റെ തുടർച്ചയായി പുതിയ പരീക്ഷാസംവിധാനം ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതനുസരിച്ച്, പരീക്ഷ നടത്താൻ പുറംകരാർ നൽകുന്ന രീതിയിൽ മാറ്റങ്ങൾ വരും. ഉത്തരവാദിത്വം വർധിപ്പിക്കാനും പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ കുറയ്ക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
നീറ്റ് യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നീറ്റ് കൂടാതെ ജെഇഇ മെയിൻ, സിയുഇടി തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപതോളം ദേശീയതല പരീക്ഷകൾ നടത്തുന്നത് എൻടിഎ ആണ്. ഒരുമാസത്തിനകം പുതിയ നിർദേശങ്ങൾ നടപ്പിലാക്കുമെന്നാണ് സൂചന.
Content Highlights: Central government initiates major structural reforms at NTA., Approximately 47 officials face removal due to exam irregularities., Focus on shifting outsourcing policies for better accountability., Implementation of leak-proof systems based on expert committee recommendations., Goal is to restore credibility for NEET, JEE Main, and CUET exams.