‘ഗ്യാനേഷ് കുമാർ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ മുറിവ്’; ജന്തർ മന്തറിലേക്ക് NSUI പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഡഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയുടെ പ്രതിഷേധം. ജന്തർ മന്തറിലേക്ക് നടന്ന പ്രതിഷേധം പോലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി വിദ്യാർഥികൾ പ്രതിഷേധിച്ചു. ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ മുറിവാണ് ഗ്യാനേഷ് കുമാറെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന് ഒരു വിലയും നൽകാത്ത ഒരു ഇലക്ഷൻ കമ്മിഷണറെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു.
എൻ.എസ്.യു.ഐ. പ്രസിഡന്റ് വിനോദ് ജാഖർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നെങ്കിലും ഞായറാഴ്ച പ്രതിഷേധക്കാർ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ എൻ.എസ്.യു.ഐ. പ്രതിഷേധത്തിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറല്ലെന്ന നിലപാടെടുക്കുകയായിരുന്നു.
ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പരിപാടികളിൽ ഇടതുവിദ്യാർഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയതിൽ എൻ.എസ്.യു.ഐ. ഭാരവാഹികൾക്കിടയിൽ കടുത്ത അമർഷം രൂപപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'വീ ദ ഛോട്ടു' എന്നാക്കി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെ ശാന്തരാക്കാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പരാതികൾ പരിഹരിച്ചിരുന്നു. ഇതിനുശേഷമാണ് എൻ.എസ്.യു.ഐ പ്രവർത്തകർ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയപടിയാക്കിയത്.