BJP സര്‍ക്കാരിനെതിരേ സംസാരിച്ചതുകൊണ്ടല്ല സത്യപാല്‍ മാലിക്കിന് CBI സമന്‍സ് അയച്ചത്- അമിത് ഷാ

സത്യപാല്‍ മാലിക്, അമിത് ഷാ | Photo: PTI
സത്യപാല്‍ മാലിക്, അമിത് ഷാ | Photo: PTI

ബെംഗളൂരു: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി.ബി.ഐ. സമന്‍സ് അയച്ചത് ബി.ജെ.പി. സര്‍ക്കാരിനെതിരേ സംസാരിച്ചതുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കര്‍ണാടക റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും സത്യപാലിനെ സി.ബി.ഐ. വിളിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

ജമ്മു കശ്മീരിലെ ഇന്‍ഷുറന്‍സ് പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സത്യപാലിന് സി.ബി.ഐ. സമന്‍സ് അയച്ചിരുന്നത്. 

ജനങ്ങളില്‍നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വ്യക്തിതാല്‍പര്യങ്ങളോ രാഷ്ട്രീയ താല്‍പര്യങ്ങളോ മുന്‍നിര്‍ത്തി നടത്തുന്ന പ്രസ്താവനകളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ അറിവില്‍ സത്യപാല്‍ മാലികിനെ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് വിളിപ്പിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങളോ തെളിവുകളോ കിട്ടിയിട്ടുണ്ടാകും. അതിനാലാണ് അദ്ദേഹത്തെ മൂന്നാമത്തെ തവണ വിളിപ്പിച്ചത്. ഞങ്ങള്‍ക്കെതിരേ സംസാരിച്ചതിനാലാണ് അദ്ദേഹത്തെ വിളിപ്പിച്ചത് എന്നു പറയുന്നതില്‍ സത്യമില്ല, അമിത് ഷാ പറഞ്ഞു. 

2019-ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ആക്രമണത്തിന് വഴിതെളിച്ചത് സുരക്ഷാവീഴ്ചയാണെന്ന് 'ദി വയര്‍' ന്യൂസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടുവെങ്കിലും ആവശ്യം നിഷേധിച്ചതിനാലാണ് അവര്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.

Content Highlights: not for speaking against us amit shah on cbi summons to jammu kashmir former governor satyapal malik