വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നു; ലയിച്ച് ഒന്നാകാന്‍ നാലുപാര്‍ട്ടികള്‍

കോൺറാഡ് സാങ്മ | Photo: ANI
കോൺറാഡ് സാങ്മ | Photo: ANI

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ ശക്തി രൂപപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കി നേതാക്കൾ. മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻ‌പി‌പി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ഉൾപ്പെടെ നാല് പ്രാദേശിക പാർട്ടികളുടെ നേതാക്കൾ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.

തിപ്ര മോതയുടെ പ്രദ്യോത് മാണിക്യ, അസമിലെ പീപ്പിൾസ് പാർട്ടിയിൽ നിന്നുള്ള ഡാനിയൽ ലാങ്‌താസ, ബിജെപി വക്താവ് മോൺലുമ്മോ കികോൺ എന്നിവരും ലയനം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനാഭിലാഷം പ്രതിനിധീകരിക്കുന്ന, മേഖലയിലെ വിവിധ ശബ്ദങ്ങളെ ഒരുമിപ്പിക്കുന്ന ഐക്യമുള്ള ഒരൊറ്റ രാഷ്ട്രീയ ശക്തി രൂപീകരിക്കുന്നതിനായി ചരിത്രപരമായ പ്രഖ്യാപനം നടത്താനാണ് ഒത്തുചേർന്നിരിക്കുന്നതെന്നും പ്രസ്താവനയിൽ നേതാക്കൾ വ്യക്തമാക്കുന്നു. നിർദിഷ്ട പാർട്ടിയുടെ  ഘടന, പ്രവർത്തന മാതൃക ഉൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുന്നതിനായി ഒരു സമിതിയെയും രൂപവത്കരിച്ചിട്ടുണ്ട്.

മിസോറാമിലെ ഭരണകക്ഷിയായ സോറാം പീപ്പിൾസ് മൂവ്‌മെന്റ്, നാഗാലാൻഡിലെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് തുടങ്ങിയ പ്രധാന പ്രാദേശിക കക്ഷികൾ തത്കാലം ഈ നീക്കത്തിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്.

Content Highlights: Northeast Indian leaders from four regional parties plan to merge, aiming to amplify the region`s voice. Learn about this historic political consolidation.