വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി.
പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും സ്റ്റാമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്നും വിലയിരുത്തിയാണ് തീരുമാനം. ഡൽഹിയിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്.ആർ.ആർ.ഒ.) ദീപക് യാദവ് അയച്ച കത്തിലാണ് രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ പുതിയ ഇളവ് നിലവിൽവരുമെന്ന് വ്യക്തമാക്കിയത്.
ഇനിമുതൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർക്ക് ഇ-ബോർഡിങ് പാസുകൾ കാണിച്ചാൽ മതി. എന്നാൽ പേപ്പർ ബോർഡിങ് പാസുകൾ ഉപയോഗിക്കുന്നവർക്ക് അത് തുടരുകയും ചെയ്യാം. പക്ഷേ, അവയിലും ഇനിമുതൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കില്ല. സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തെക്കുറിച്ച് ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ വിമാനത്താവള അധികൃതരോടും എയർലൈനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Physical boarding passes and stamping will no longer be mandatory for international departures from India starting September 1., Passengers can now use e-boarding passes at immigration counters for clearance., Physical boarding passes will still be accepted if presented, but they will not be stamped.