എംഎല്‍എയോ എംപിയോ അല്ല, രാഷ്ട്രീയപ്രവര്‍ത്തനവുമില്ല; അച്ഛന്റെ വിജയത്തിൽ ജനങ്ങളോട് നന്ദിയറിയിച്ച് നിതീഷ് കുമാറിന്റെ ഏകമകന്‍

#ന്യൂസ് ഡെസ്ക്
നിതീഷ് കുമാറും മകൻ നിഷാന്തും | Photo : PTI
നിതീഷ് കുമാറും മകൻ നിഷാന്തും | Photo : PTI

പട്ന: റെക്കോഡ് നോട്ടത്തോടെ പത്താംതവണയും ബിഹാർ മുഖ്യമന്ത്രിയായുള്ള ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന്റെ സത്യപ്രതിജ്‍ഞാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ എൻഡിഎയിലെ പ്രമുഖർ സന്നിഹിതരായിരുന്നു. പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻനിരയിൽ നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്തും ഉണ്ടായിരുന്നു. നേതാക്കൾ തങ്ങളുടെ മക്കളെ പിൻഗാമികളായി വാർത്തെടുക്കുന്ന ബിഹാറിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ 50-കാരനായ നിഷാന്ത് വേറിട്ടുനിൽക്കുന്നു.

പൊതുവേദികളിൽ നിന്ന് അകന്നുനിൽക്കുകയും മാധ്യമങ്ങളോട് അപൂർവ്വമായി മാത്രം സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നിഷാന്ത് . 'പത്താം തവണ സത്യപ്രതിജ്ഞ ചെയ്ത എന്റെ അച്ഛനെ ഞാൻ അഭിനന്ദിക്കുന്നു, ഞങ്ങളുടെ വിജയം ഉറപ്പാക്കിയ ജനങ്ങളോട് നന്ദി അറിയിക്കുന്നു. ദൈവത്തിനും ഞാൻ നന്ദി പറയുന്നു'. മാധ്യമങ്ങളോട് സംസാരിക്കവെ നിഷാന്ത് പറഞ്ഞു.

'അദ്ദേഹം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ജനങ്ങൾ ഞങ്ങളെ വിശ്വസിച്ചു. കഴിഞ്ഞ തവണ ഞങ്ങൾക്ക് 43 സീറ്റുകളാണ് ലഭിച്ചത്, എന്നാൽ അച്ഛൻ പ്രവർത്തനം തുടർന്നു, ഇത്തവണ ജനങ്ങൾ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. ഞാൻ അവർക്ക് നന്ദി പറയുന്നു'. അച്ഛന് ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് നിഷാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

എൻഡിഎയുടെ വിജയത്തിൽ സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് നിഷാന്ത് പറഞ്ഞു. തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണകാലത്ത് അച്ഛൻ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജെഡിയുവിൻ്റെ എൻഡിഎ സഖ്യകക്ഷികളായ ബിജെപി, എൽജെപി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവയിലെ പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നിഷാന്ത് പുഞ്ചിരിക്കുക മാത്രം ചെയ്തു.

സോഫ്റ്റ്‌വെയർ എൻജിനീയറായ നിഷാന്ത്, മെസ്റയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് (ബിഐടി) പഠിച്ചത്. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. 'എനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമോ ഈ മേഖലയെക്കുറിച്ച് അറിവോ ഇല്ല. എന്റെ ആദ്യത്തെ ഇഷ്ടം ആത്മീയതയാണ്, ഇപ്പോൾ ഞാൻ ആത്മീയതയുടെ പാതയിൽ മുന്നോട്ട് പോകുന്നു'. എന്നാൽ, ഈയിടെയായി നിതീഷിടൊപ്പം പല ചടങ്ങുകളിലും അദ്ദേഹത്തെ കാണാറുണ്ട്. പാർട്ടിയിലെ രാഷ്ട്രീയ ചർച്ചകളിലും അദ്ദേഹം ഭാഗമാകാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ 202 സീറ്റുകളുടെ കൂറ്റൻ വിജയം നേടിയാണ് അധികാരത്തിലെത്തിയത്. ബിജെപി 89 സീറ്റുകൾ നേടിയപ്പോൾ ജെഡിയു 85 സീറ്റുകൾ കരസ്ഥമാക്കി. ഇത് 2020-ലെ 43 സീറ്റുകളുടെ നേട്ടത്തിന്റെ ഏതാണ്ട് ഇരട്ടിയാണ് ഇത്തവണത്തെ സീറ്റ് നേട്ടം.

Content Highlights: Nitish Kumar`s son Nishant breaks his silence to congratulate his father on a historic 10th term as Bihar CM. Learn more about Nishant and the election win.