വിദ്യാഭ്യാസമേഖലയിൽ ഇന്ത്യ-യുകെ സഹകരണം; 9 യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും- മോദി

കെയ്ർ സ്റ്റാർമറും നരേന്ദ്ര മോദിയും  | Photo: AP
കെയ്ർ സ്റ്റാർമറും നരേന്ദ്ര മോദിയും | Photo: AP

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് സ്റ്റാര്‍മര്‍ പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയത്. ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിര്‍ണായക പ്രാദേശികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാര്‍ സാധ്യമായതിന് പിന്നാലെയുള്ള സ്റ്റാര്‍മറിന്റെ സന്ദര്‍ശനം ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഊര്‍ജത്തെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ നിര്‍ണായക സംഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സതാംപ്ടണെ കൂടാതെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്‌റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല മുംബൈയിലും അബെര്‍ഡീന്‍ സര്‍വകലാശാല മുംബൈയിലും കാമ്പസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.

തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Content Highlights: nine uk universities to start campuses in india says narendra modi