നിലീന അത്തോളിക്ക് ലാഡ്‌ലി മീഡിയ അവാര്‍ഡ്

ന്യൂഡല്‍ഹി: പത്താമത് ലാഡ്‌ലി മീഡിയ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് പുരസ്‌കാരത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളി അര്‍ഹയായി. 2019 ജൂലൈ 12 മുതല്‍ 17 വരെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈനിലുമായി പ്രസിദ്ധീകരിച്ച സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം.
ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ ദി യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും(യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നല്‍കുന്നതാണ് പുരസ്‌കാരം. ഫീച്ചർ വിഭാഗത്തിലാണ് നിലീന പുരസ്കാരത്തിന് അർഹയായത്. മാധ്യമത്തിലെ നിസാർ പുതുവനക്ക് അന്വേഷണാത്മക വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു.
കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമായിരുന്നു സാക്ഷരകേരളത്തിലെ ഭര്‍തൃ ബലാത്സംഗങ്ങള്‍. ഇത് രണ്ടാം തവണയാണ് നിലീനക്ക് ലാഡ്‌ലി മീഡിയ പുരസ്‌കാരം ലഭിക്കുന്നത്. 2015-ല്‍ മാതൃഭൂമിയില്‍ തന്നെ പ്രസിദ്ധീകരിച്ച അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന വാര്‍ത്താ പരമ്പരക്കാണ് ഇതിനു മുമ്പ് ലാഡ്‌ലി പുരസ്‌കാരം ലഭിച്ചത്.
രാംനാഥ് ഗോയങ്ക അവാര്‍ഡ്, നാഷണല്‍ മീഡിയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ സ്വാമിവിവേകാനന്ദന്‍ യുവ മാധ്യമ പ്രതിഭാ പുരസ്‌കാരം, വി.കെ മാധവന്‍ കുട്ടി അവാര്‍ഡ്, കേരള മീഡിയ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നിലീനക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി സ്വദേശിയായ നാരായണന്‍ അത്തോളിയുടെയും ശൈലജയുടെയും മകളാണ്. ഗൗതമാണ് ഭര്‍ത്താവ്. മകള്‍: നിതാര
നവംബര്‍ 20-ന് വൈകുന്നേരം 4മണിക്ക് ഓണ്‍ലൈന്‍ വഴി പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിക്കും.
Content Highlights: