പാകിസ്താനുവേണ്ടി ചാരവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്, സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു

ന്യൂഡല്‍ഹി:പാകിസ്താൻറെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഹരിയാണ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധനയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തതായാണ് വിവരം. പാക് ചാരവൃത്തി ശൃംഖലയെക്കുറിച്ചുള്ള എൻഐഎയുടെ നിലവിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകൾ പിടിച്ചെടുത്തത്.
പാക് ചാരസംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും ചാരവൃത്തി നടത്തുന്നതിനായി സാമ്പത്തിക ഇടനിലക്കാരായി പ്രവർത്തിച്ചവരേയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് എന്ന് എൻഐഎ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: NIA Launches Nationwide Raids Targeting Pakistan Intelligence Links