ചെങ്കോട്ട ചാവേർ സ്‌ഫോടനം; ഡോക്ടർമാരായ പ്രതികൾ പുതിയ ഭീകരസംഘടന ഉണ്ടാക്കി – എൻ.ഐ.എ.

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ ചാവേർസ്ഫോടനം നടത്തിയ ഫരീദാബാദ് അൽഫലാഹ് സർവകലാശാലയിലെ ഡോ. ഉമർ നബിയും കൂട്ടാളികളും പുതിയ ഭീകര സംഘടനയുണ്ടാക്കിയതായി അന്വേഷണസംഘം. 2016-ലും 2018-ലും അൽ ഖായിദ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽ ചേരാൻ ശ്രമിച്ച് നടക്കാതെപോയതിനു പിന്നാലെയാണ് 2022-ൽ ഇവർ ശ്രീനഗറിൽ കൂടിച്ചേർന്ന് അൻസാർ ഇന്ററിം എന്ന പുതിയ സംഘടനയുണ്ടാക്കിയത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേർ ഉമർനബി, ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ആദിൽ അഹമ്മദ് റാത്തർ, സഹോദരൻ മുസഫർ റാത്തർ, മൗലവി ഇർഫാൻ, ഖ്വാറി അമീർ, തുഫൈൽ ഗസ്സി എന്നിവരാണ് യോഗം ചേർന്നത്. പുതിയ സംഘടനയുടെ തലവനായി ഡോ. ആദിൽ അഹമ്മദ് റാത്തറെ നിയമിച്ചു. മൗലവി ഇർഫാൻ ഉപനേതാവും മുഹമ്മദ് ഷക്കീൽ ട്രഷററും ഉമർ നബി കോഡിനേറ്ററുമായി. തങ്ങളുമായി ബന്ധമുള്ളവർ വഴി ഭീകരസംഘടനകളുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് സ്വന്തം സംഘടന എന്ന തലത്തിലേക്ക് നീങ്ങിയതെന്ന് അറസ്റ്റിലായ ഡോക്ടർമാർ അന്വേഷണസംഘത്തിന് മൊഴി നൽകി.
2023-ൽ സംഘം ഹരിയാണയിലെ സോന, നുഹ് മേഖലകളിൽനിന്ന് അമോണിയം നൈട്രേറ്റ് വളം ശേഖരിക്കുകയും ഉമറിന്റെ നിർദേശപ്രകാരം ഫരീദാബാദിലെ രാസവസ്തുക്കടയിൽനിന്ന് സ്ഫോടകവസ്തുക്കൾക്ക് ആവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് വാങ്ങുകയും ചെയ്തു. ഉമർ ഓൺലൈൻ വീഡിയോകൾ വഴി ഐ.ഇ.ഡി. നിർമാണം പഠിക്കുകയും ടി.എ.ടി.പി. (ട്രൈഅസിറ്റോൺ ട്രൈപെറോക്‌സൈഡ്) പോലുള്ള അപകടകരമായ സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
Content Highlights: Investigators reveal a new terror outfit, Ansar Interim, formed by individuals linked to the Delhi Red Fort suicide bombing. Learn about their origins and plans.