പ്രതിരോധസേനയ്ക്ക് പുതിയ മേധാവിമാർ: ആരാണ് ലഫ്. ജനറൽ രാജ സുബ്രമണി?

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ സംയുക്ത പ്രതിരോധ സേനാ മേധാവിയെയും (സി.ഡി.എസ്) നാവികസേനാ മേധാവിയെയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ സംയുക്ത സൈനിക മേധാവിയായും വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നാവികസേനാ മേധാവിയായും നിയമിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് വിരമിക്കുന്നതിനെ തുടർന്ന് ലഫ്റ്റനന്റ് ജനറൽ എൻ.എസ് രാജ സുബ്രമണി പുതിയ സി.ഡി.എസ് ആയി ചുമതലയേൽക്കും. സി.ഡി.എസ് എന്ന നിലയിൽ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ സൈനിക കാര്യ വകുപ്പിന്റെ (Department of Military Affairs) സെക്രട്ടറിയായും പ്രവർത്തിക്കും.
37 വർഷത്തിലേറെ നീണ്ട സൈനിക ജീവിതം
ലഫ്റ്റനന്റ് ജനറൽ എൻ.എസ് രാജ സുബ്രമണിയുടെ 37 വർഷത്തിലേറെ നീണ്ട സൈനിക ജീവിതം നേട്ടങ്ങളാൽ സമ്പന്നമാണ്. 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിലെയും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെയും പഠനത്തിന് ശേഷം യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളേജ്, ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽനിന്ന് പരിശീലനം നേടി.
ലണ്ടനിലെ കിങ്സ് കോളേജിൽനിന്ന് മാസ്റ്റർ ബിരുദവും മദ്രാസ് സർവകലാശാലയിൽനിന്ന് എം.ഫിലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ സങ്കീർണമായ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകി. ഒരു മൗണ്ടൻ ബ്രിഗേഡിന്റെ ബ്രിഗേഡ് മേജർ, ആർമി ആസ്ഥാനത്തെ അസിസ്റ്റന്റ് മിലിട്ടറി സെക്രട്ടറി, ഈസ്റ്റേൺ കമാൻഡിലെ കേണൽ ജനറൽ സ്റ്റാഫ് (ഓപ്പറേഷൻസ്), ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസ് സെക്ടറിന്റെ ഡെപ്യൂട്ടി കമാൻഡർ തുടങ്ങിയ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു.
സാംബയിലെ 168 ഇൻഫൻട്രി ബ്രിഗേഡിന്റെ കമാൻഡറായും മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും രാജ സുബ്രമണി പ്രവർത്തിച്ചിട്ടുണ്ട്. കസാകിസ്താനിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2023-ൽ സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് ആയ രാജ സുബ്രമണി തുടർന്ന് കരസേനയുടെ 47-ാമത് വൈസ് ചീഫായി നിയമിതനായി. 2025 സെപ്റ്റംബർ മുതൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു. പരമവിശിഷ്ട സേവാ മെഡൽ ഉൾപ്പെടെയുള്ള ഉന്നത ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് വിരമിക്കുന്നതിനെത്തുടർന്നാണ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവിയായി സ്ഥാനമേൽക്കുന്നത്.
1987-ലാണ് കൃഷ്ണ സ്വാമിനാഥൻ നാവികസേനയിൽ ചേർന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം യുകെയിലും അമേരിക്കയിലുമുള്ള നേവൽ വാർ കോളേജുകളിൽനിന്ന് അദ്ദേഹം ഉപരിപഠനം പൂർത്തിയാക്കി. ഇന്ത്യയുടെ അഭിമാനമായ ഐ.എൻ.എസ് വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിന്റെ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.എൻ.എസ് വിദ്യുത്, വിനാശ്, കുലിഷ്, മൈസൂർ എന്നീ കപ്പലുകളുടെയും കമാൻഡറായിരുന്നു. കൊച്ചിയിലെ സൗത്തേൺ നേവൽ കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫീസറായിരുന്ന അദ്ദേഹം, ഇന്ത്യൻ നേവൽ സേഫ്റ്റി ടീമിന് രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു.
വെസ്റ്റേൺ ഫ്ലീറ്റിന്റെ കമാൻഡിങ് ഓഫീസർ, ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പ് തലവൻ, നാവികസേനയുടെ 46-ാമത് വൈസ് ചീഫ് എന്നീ നിലകളിലും മികവ് തെളിയിച്ചു. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരികയാണ്. വിശിഷ്ട സൈനിക സേവനത്തിന് പി.വി.എസ്.എം, എ.വി.എസ്.എം തുടങ്ങിയ ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.
Content Highlights: Lt Gen NS Raja Subramani appointed as the new Chief of Defence Staff (CDS)., Vice Admiral Krishna Swaminathan appointed as the new Chief of Naval Staff., Changes effective following the retirement of Gen Anil Chauhan and Adm Dinesh Kumar Tripathi., Comprehensive career backgrounds of both newly appointed military leaders., Recognition of PVSM and AVSM awards for both officers.