ന്യൂസ്ക്ലിക്ക്; അമേരിക്കൻ കോടിപതി നെവില്‍ റോയ് സിംഘത്തിന് ഇ.ഡി. നോട്ടീസ്

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ അമേരിക്കൻ വ്യവസായിയും കോടീശ്വരനുമായ നെവില്‍ റോയ് സിംഘത്തെ ചോദ്യംചെയ്യാനൊരുങ്ങി ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം വഴി ചെെന സർക്കാരിന് നോട്ടീസയച്ചു. ഷാങ്ഹായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെവില്‍ റോയ് സിംഘത്തിനും ഇ.ഡി. ഇ-മെയിൽ അയച്ചിട്ടുണ്ട്.
ഡൽഹി ഹെെക്കോടതി ആദ്യം ലെറ്റർ റോഗറ്ററി പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. നേരത്തെ, ഇദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാനുള്ള ശ്രമം ചെെന അധികൃതർ തടഞ്ഞിരുന്നു.
ചൈനയെ പുകഴ്ത്തുകയും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ തോതിലുള്ള ഫണ്ട് ഇന്ത്യയിലടക്കം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്ന് യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയാകുന്നത്. പിന്നാലെ, ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥയെ ഡൽഹി പോലീസ് ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു.
ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്.
Content Highlights: Neville Roy Singham Gets ED Summons In NewsClick Case